കൊച്ചി- രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് താഴ്ച. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ പണം പിന്‍വലിച്ചതിനൊപ്പം രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും രൂപയുടെ മൂല്യമിടിയാന്‍ കാരണമായി.
അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവും രൂപയ്ക്ക് എതിരായി. തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ അമേരിക്കന്‍ ഡോളറിനെതിരെ 83.26 രൂപയിലാണ് അവസാനിച്ചത്. രൂപയ്ക്ക് കരുത്ത് പകരാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി ഡോളര്‍ വിറ്റഴിച്ചെങ്കിലും ഗുണമുണ്ടായില്ല.
അമേരിക്കയില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്ന സാഹചര്യത്തില്‍ വന്‍കിട ഹെഡ്ജ് ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ മറ്റ് വിപണികളില്‍ നിന്നും പണം പിന്‍വലിക്കുന്നുണ്ട്. ഇത് ഡോളറിനെ ശക്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രൂപയ്ക്ക് പുരമേ ചൈനീസ് യുവാനും ദുര്‍ബലമാകുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഡോളറിനെതിരെ കുറച്ചുനാള്‍ ഇന്ത്യന്‍ രൂപ സ്ഥിരമായ പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളായി കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. വരും ദിവസങ്ങളിലും വില്‍പ്പന സമ്മര്‍ദ്ദം ശക്തമാകുമെന്നാണ് വിപണിയിലുള്ളവര്‍ പറയുന്നത്.
ഡോളര്‍ ശക്തമായത് അമേരിക്കന്‍ നിക്ഷേപകരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതോടൊപ്പം ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രതിസന്ധിയിലാക്കും.