Sorry, you need to enable JavaScript to visit this website.

സഭകളിലെ വനിതാസംവരണം; സ്വാഗതം ചെയ്ത് കോൺഗ്രസ്

ന്യൂദൽഹി- ലോക്‌സഭയിലും മുഴുവൻ സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റ് സംവരണം ഉറപ്പാക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയെന്ന സൂച പുറത്തുവന്നതോടെ ഇതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗവും വനിതാ സംവരണം പ്രമേയം പാസാക്കിയിരുന്നു. അധികാരത്തിലെത്തി ഒൻപത് വർഷം കഴിഞ്ഞിട്ടും ഇതേവരെ ബിൽ പാസാക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്ന് കോൺഗ്രസ് വിമർശിച്ചു. രാജീവ് ഗാന്ധിയുടെ കാലം മുതൽ വനിതാ സംവരണ ബിൽ തങ്ങളുടെ അജണ്ടയാണെന്നു കോൺഗ്രസ് വ്യക്തമാക്കി. രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവർ വനിതാ സംവരണം ആവശ്യപ്പെടുന്ന പ്രസംഗങ്ങളുടെ വീഡിയോയും കോൺഗ്രസ് പങ്കുവെച്ചു. 
അതേസമയം, മന്ത്രിസഭ യോഗത്തിന് ശേഷമുള്ള പതിവ് പത്രസമ്മേളനം കേന്ദ്ര സർക്കാർ ഒഴിവാക്കിയതിനാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചരിത്രപരമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പ്രത്യേക കാബിനറ്റ് യോഗം ചേർന്നത്. കാബിനറ്റ് യോഗത്തിന് മുന്നോടിയായി വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയും യോഗത്തിൽ പങ്കെടുത്തു. 
സ്ത്രീകൾക്ക് മറ്റു പിന്നോക്ക വിഭാഗങ്ങൾക്കുമുള്ള സംവരണം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് മാറ്റൽ എന്നിവ പാർലമെന്റ് സമ്മേളനം പരിഗണിക്കുമെന്നും സൂചനയുണ്ട്. മന്ത്രിസഭ യോഗത്തിന് ശേഷം പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട സംബന്ധിച്ച് അറിയിപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും വാർത്താസമ്മേളനം ഒഴിവാക്കിയതോടെ കേന്ദ്ര നീക്കം സസ്‌പെൻസായി തുടരുകയാണ്.  

നിലവിൽ വനിതാ എം.പിമാർ ലോക്‌സഭയിലെ അംഗസംഖ്യയുടെ 15 ശതമാനത്തിൽ താഴെയാണ്. 2024-ൽ കാലാവധി അവസാനിക്കുന്ന ലോക്‌സഭയിൽ 78 വനിതാ അംഗങ്ങളുണ്ട്. ഇത് മൊത്തം അംഗസംഖ്യയായ 543ന്റെ 15 ശതമാനത്തിലും താഴെയാണ്. കഴിഞ്ഞ ഡിസംബറിൽ സർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം രാജ്യസഭയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഏകദേശം 14 ശതമാനമാണ്. പല സംസ്ഥാന അസംബ്ലികളിലും സ്ത്രീ പ്രാതിനിധ്യം 10 ശതമാനത്തിൽ താഴെയാണ്. 
നിയമനിർമാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാനുള്ള നീക്കം തുടങ്ങിയിട്ട് 27 വർഷമായി. 2010ൽ രാജ്യസഭ ബിൽ പാസാക്കിയെങ്കിലും തുടർനീക്കമുണ്ടായില്ല. 2008, 1996, 1998, 1999 വർഷങ്ങളിലും ബിൽ പാസാക്കാനുള്ള നീക്കം നടന്നിരുന്നു. ഗീതാ മുഖർജി അധ്യക്ഷയായ സംയുക്ത പാർലമെന്ററി സമിതി 1996ലെ ബിൽ പരിശോധിച്ച് ഏഴ് ശുപാർശകൾ നൽകുകയും ചെയ്തു. ഇതിൽ അഞ്ചെണ്ണം 2008ലെ ബില്ലിൽ ഉൾപ്പെടുത്തി. 15 വർഷത്തെ സംവരണ കാലയളവും ആംഗ്ലോ ഇന്ത്യക്കാർക്കുള്ള ഉപ സംവരണവും ഇതിൽ ഉൾപ്പെട്ടിരുന്നു. ബി.ജെ.പിയും കോൺഗ്രസും ബില്ലിനെ എക്കാലത്തും പിന്തുണച്ചിട്ടുണ്ടെങ്കിലും, മറ്റ് പാർട്ടികളുടെ എതിർപ്പും സ്ത്രീകളുടെ ക്വാട്ടയിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിനുള്ള ആവശ്യങ്ങളും ബിൽ പാസാക്കുന്നത് നീണ്ടുപോകാൻ ഇടയാക്കി. 
ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്‌നാട്, തെലങ്കാന തുടങ്ങി നിരവധി സംസ്ഥാന അസംബ്ലികളിൽ 10 ശതമാനത്തിൽ താഴെയാണ് വനിതാ പ്രാതിനിധ്യം. 2022 ഡിസംബറിലെ കണക്കുകൾ പ്രകാരം ബീഹാർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ദൽഹി എന്നിവിടങ്ങളിൽ 10 മുതൽ12 ശതമാനം വനിതാ എം.എൽ.എമാരാണുള്ളത്.  ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ യഥാക്രമം 14.44, 13.7, 12.35 ശതമാനം എന്നിങ്ങനെയാണ് വനിതകളുള്ളത്. ബിൽ ഉടൻ പാസാക്കണമെന്ന് ബി.ജെ.ഡിയും ബി.ആർ.എസും ആവശ്യപ്പെട്ടിരുന്നു. 


 

Latest News