Sorry, you need to enable JavaScript to visit this website.

ഭക്ഷ്യവിലക്കയറ്റം; കാനഡയില്‍ ഗ്രോസറി ഉച്ചകോടി വിളിച്ച് ട്രൂഡോ

ഒട്ടാവ- ഭക്ഷ്യ വിലക്കയറ്റം നേരിടാന്‍ കനേഡിയന്‍ ഗ്രോസറി എക്‌സിക്യൂട്ടീവുകളെ ഉച്ചകോടിക്കായി വിളിച്ചു ചേര്‍ക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ശ്രമം. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ അപമാനകരമാണെന്നും ഫല സാധ്യതയില്ലെന്നും വിശകലന വിദഗ്ധര്‍.

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് കാനഡയിലെ ഏറ്റവും വലിയ പലചരക്ക് വ്യാപാരികളില്‍ നിന്നുള്ള നേതാക്കളെ വിളിച്ചുവരുത്തുന്നതായി പ്രഖ്യാപിച്ചത്. വിലക്കയറ്റത്തെ തുടര്‍ന്ന് കനേഡിയന്‍മാര്‍ ഭക്ഷണത്തിന് പാടുപെടുമ്പോള്‍  വലിയ പലചരക്ക് ശൃംഖലകള്‍ റെക്കോര്‍ഡ് ലാഭം നേടുന്നത് കാനഡ പോലുള്ള ഒരു രാജ്യത്തിന് ഭൂഷണമല്ലെന്നും ദരിദ്രര്‍ ആശ്രയിക്കുന്ന ഫുഡ് ബാങ്കുകള്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുകയാണെന്നും ട്രൂഡോ പറഞ്ഞു.

ലോബ്ലാവ് പ്രസിഡന്റ് ഗാലന്‍ ജി വെസ്റ്റണ്‍, മെട്രോ സിഇഒ എറിക് ലാ ഫ്ലെഷെ, വാള്‍മാര്‍ട്ട് കാനഡ സിഇഒ ഗോണ്‍സാലോ ഗെബാര തുടങ്ങിയവര്‍ ഗ്രോസറി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയില്‍ നിന്നുള്ള പുതിയ ഉപഭോക്തൃ വില സൂചിക ജൂലൈയില്‍ പണപ്പെരുപ്പം 3.3 ശതമാനം ഉയര്‍ന്നപ്പോള്‍ പലചരക്ക് കടയിലെ ഭക്ഷണ വില 8.5 ശതമാനമാണ് വര്‍ധിച്ചത്.

Latest News