തിരുവനന്തപുരം- നോര്‍ക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ ന്റെ നേതൃത്വത്തില്‍ ഉദ്യോഗാർത്ഥികൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. എന്‍.ഐ.എഫ്.എല്‍ -ലില്‍ നിന്നും ഭാഷാപഠനം പൂര്‍ത്തിയായക്കിയ വിദേശ രാജ്യങ്ങളില്‍ തൊഴില്‍ കുടിയേറ്റത്തിന് ശ്രമിക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളുടെ ഭാഷാ നൈപുണ്യ വികസനത്തിനു സഹായിക്കുന്നതാണ് പരിശീലനം.
അഭിമുഖങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വിവിധ വിദേശരാജ്യങ്ങളിലെ പെരുമാറ്റ രീതികള്‍, റിക്രൂട്ട്മെന്റ് രീതികള്‍, റിക്രൂട്ട്മെന്റിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭാഷാപ്രയോഗത്തിലെ സാംസ്കാരികമായ ഭിന്നതകള്‍ എന്നിവ സംബന്ധിച്ചായിരുന്നു ന്യൂട്രിക്സ് സ്കില്ലന്‍സ് (NUTRIX-SKILLENS) എന്ന പേരില്‍ സംഘടിപ്പിച്ച ക്ലാസ്സുകള്‍.
തിരുവനന്തപുരം തൈക്കാടുളള സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് (CMD) യില്‍ നടന്ന പരിശീലന പരിപാടി നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിദേശ തൊഴില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇടപെടാന്‍ കഴിയുന്ന സംവിധാനമായി നോര്‍ക്കാ റൂട്ട്സ് മാറുകയാണെന്ന് കെ ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. എന്‍.ഐ.എഫ്.എല്‍ ഭാഷാ പഠന കേന്ദ്രമെന്നതിലുപരിയായി മൈഗ്രഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന നിലയിലാണ് വിഭാവനം ചെയ്തതും പ്രവര്‍ത്തിക്കുന്നതും. കേരളീയരായ യുവതൊഴില്‍ അന്വേഷകരെ വിദേശജോലികള്‍ക്ക് പൂര്‍ണ്ണസജ്ജരാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍.ഐ.എഫ്.എല്‍ എന്നത് സര്‍ക്കാര്‍ സംവിധാനമാണെന്നും അതിനാല്‍ തന്നെ ഇത് സമൂഹത്തിന്റെ ആകെ ആശയാഭിലാഷങ്ങള്‍ക്കനുസൃതമായാണ് വിഭാവനം ചെയ്യ്തതെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സി.എം.ഡി യില്‍ നിന്നും ഡയറക്ടര്‍ ബിനോയ് ജെ കാറ്റാഡിയില്‍, അസ്സോസിയേറ്റ് പ്രൊഫസര്‍ ശ്രീ. പി.ജി അനില്‍ എന്നിവരും സംബന്ധിച്ചു. എന്‍.ഐ.എഫ്.എല്‍ പ്രൊജക്ട് കണ്‍സല്‍ട്ടന്റ് ജുബി. സുമി മാത്യു സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ഗവ.നഴ്സിങ് കോളേജ് അസി. പ്രൊഫസര്‍ ശ്രീ. അനീസ്. എ, സി.എം.ഡി പ്രൊജക്ട് ഓഫീസറും കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റുമായ ശ്രീമതി. സ്മിതാ ചന്ദ്രന്‍ .കെ.വി, എന്‍.ഐ.എഫ്.എല്‍ ട്രെയിനര്‍ സന്ദീപ്.പി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. എന്‍.ഐ.എഫ്.എല്‍ ലില്‍ നിന്നും വിവിധ വിദേശഭാഷാപഠനം പൂര്‍ത്തിയാക്കിയ 60 ഓളം പേര്‍ പരിശീലനപരിപാടിയില്‍ പങ്കെടുക്കാനെത്തി.