Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിഷപ്പിന്റെ പീഡനക്കേസ് ഒതുക്കാന്‍ ശ്രമിച്ച വൈദികനെ ചോദ്യം ചെയ്യും

കോട്ടയം- ജലന്ധര്‍ ബിഷപ്പ് ഫാദര്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ  ലൈംഗിക പീഡന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച വൈദികനെ പോലീസ് ചോദ്യം ചെയ്യും. നിയമ നടപടിയുടെ ഭാഗമായി വൈദികന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മൊഴി സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങിയ ശേഷം ആയിരിക്കും ചോദ്യം ചെയ്യുകയെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ രാത്രിയാണ് സി.എം.ഐ വൈദികനും രാഷ്ട്രദീപിക ഡയറക്ടറുമായ ജെയിംസ് ഏര്‍ത്തയില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സുഹൃത്തായ ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ സിസ്റ്ററെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചത്. സംഭാഷണം പുറത്തു വരികയും വിവാദമാവുകയും ചെയ്തതോടെ ഇക്കാര്യം കൂടി വിശദമായി അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിക്കുകയായിരുന്നു

കന്യാസ്ത്രീയുടെ മൊഴി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. കോടതിയുടെ നിര്‍ദേശം അനുസരിച്ചേ കേസ് രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ അടക്കം സ്വീകരിക്കുകയുള്ളൂ. തനിക്കു പിന്നില്‍ മറ്റാരുമില്ലെന്ന് ജെയിംസ് ഏര്‍ത്തയില്‍ പറയുന്നുണ്ടെങ്കിലും ജലന്ധര്‍ സഭയുടെ പങ്ക് അടക്കം അന്വേഷണ സംഘം പരിശോധിക്കും. കോടതിയുടെ അനുമതി ലഭിച്ചാല്‍ ജയിംസ് ഏര്‍ത്തയിലിനെയും ഇയാളുമായി ബന്ധപ്പെട്ടവരേയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

അതിനിടെ ബിഷപ്പിന്റെ  മൊഴിയെടുക്കുന്നതിനായി പോലീസ് സംഘം അടുത്ത ആഴ്ച ജലന്ധറിലേക്ക് പോകുമെന്നു കോട്ടയം എസ്.പി ഹരിശങ്കര്‍ അറിയിച്ചു. കേരളത്തിലെ അന്വേഷണം പൂര്‍ത്തിയായി. പുതിയ നിയമ പ്രകാരം സാക്ഷികളായ സ്ത്രീകളുടെ മൊഴിയെടുക്കുന്നതിന് അവരുടെ സമയവും സൗകര്യവും നോക്കണം. അതുകൊണ്ടാണ് സ്ത്രീകളുടെ മൊഴിയെടുക്കുന്നത് വൈകുന്നത്. മുന്‍കാലങ്ങളിലേതു പോലെ നോട്ടീസ് അയച്ചു വിളിച്ചു വരുത്തുന്നതിന് നിയമപരമായ പ്രശ്‌നങ്ങളുണ്ടെന്നും ഹരിശങ്കര്‍ പറഞ്ഞു.

സി.എം.ഐ പുരോഹിതന്റെ സംഭാഷണം

കോട്ടയം- ജലന്ധര്‍ ബിഷപ്പ് ഫാദര്‍ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയെ പിന്തുണച്ച മറ്റൊരു കന്യാസ്ത്രീക്ക് പ്രലോഭനവും ഭീഷണിയും. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്ത്. സി.എം.ഐ സഭയിലെ ഫാദര്‍ ജയിംസ് എര്‍ത്തയില്‍ ഫോണിലൂടെ നടത്തിയ ഒത്തുതീര്‍പ്പ് സംഭാഷണത്തിന്റെ ശബ്ദ രേഖയാണ് സിസ്റ്ററിന്റെ കുടുംബം പുറത്തു വിട്ടിരിക്കുന്നത്.
ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സിസ്റ്ററിനെയാണ് ഫാദര്‍ ജയിംസ് വിളിച്ച് സംസാരിച്ചത്. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും നല്‍കാമെന്നാണ് ഫാദര്‍ ജയിംസ് വാഗ്ദാനം ചെയ്തത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീ ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും അവര്‍ക്ക് അവിടെ വലിയ സ്ഥാനം നല്‍കാമെന്നും ഫാദറിന്റെ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
ബിഷപ്പിനെതിരേ നല്‍കിയ പരാതിയില്‍നിന്നു പിന്മാറണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചുവെന്നു സിസ്റ്ററുടെ വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ സിസ്റ്റര്‍ വഴങ്ങിയില്ല. ഫോണ്‍ സന്ദേശം പോലീസിന് കൈമാറുമെന്നും അവര്‍ പറഞ്ഞു. നേരത്തെ കന്യാസ്ത്രീയുടെ സഹോദരനെയും ഇത്തരത്തിലുള്ള വാഗ്ദാനങ്ങളുമായി സ്വാധീനിക്കാന്‍ സഭ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു.
രാവിലെ കുര്‍ബാനക്ക് വന്ന അച്ചനാണെന്ന ആമുഖത്തോടെയാണ് സംഭാഷണം തുടങ്ങുന്നത്്. രാവിലെ കാണണമെന്ന് വിചാരിച്ചെങ്കിലും തിരക്കായതിനാല്‍ നടന്നില്ല. നന്നായി പ്രാര്‍ഥിച്ചും ആലോചിച്ചും വേണമെന്നാണ് തന്റെ നിര്‍ദേശം. അവരൊക്കെ വലിയ ആള്‍ക്കാരാണ്. എന്തും ചെയ്യാനുളള കരുത്തോടെയാണ് നില്‍ക്കുന്നത്്. ഇവിടെ നിന്നു വീട്ടിലേക്ക് തിരിച്ചുപോയാല്‍ എല്ലായിടത്തും സ്വീകരിക്കണമെന്നില്ല. ഒരു നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു. എവിടെയെങ്കിലും സ്ഥലം വാങ്ങി മഠം പണിത് അങ്ങോട്ടു മാറാം. അതിന് അവര്‍ സഹായിക്കാതിരിക്കില്ല.
ആരു സഹായിക്കുമെന്ന ചോദ്യത്തിന് ജലന്ധര്‍ രൂപത എന്ന വ്യക്തമായ മറുപടി വൈദികന്‍ നല്‍കുന്നുണ്ട്. തുടര്‍ന്ന് കന്യാസ്ത്രീ നിലപാട് വ്യക്തമാക്കുന്നു. തങ്ങള്‍ ഒരു കാരണവശാലും കേസ് പിന്‍വലിക്കില്ലെന്ന്് ആവര്‍ത്തിച്ചു മറുപടി നല്‍കുന്നു. ഇതോടെ വൈദികന്റെ സ്വരം താഴുന്നു. നിങ്ങളുടെ വികാരത്തെ മാനിക്കുന്നുവെന്നും താന്‍ മുന്നോട്ടു വെച്ചത്് ഒരു നിര്‍ദേശം മാത്രമാണെന്നും പറയുന്നു. ഇനി വീട്ടിലേക്ക് തിരിച്ചു ചെന്നാല്‍ തല്‍ക്കാലം പിതാവോ സഹോദരനോ കാണും. എന്നാല്‍ പിന്നീടോ? സംരക്ഷണം ലഭിക്കില്ല. അതേസമയം സഭ സ്ഥലം വാങ്ങി കോണ്‍വെന്റ്് പണിതു തന്നാല്‍ നന്നായി ശേഷിക്കുന്ന കാലം കഴിയാം. അങ്ങനെയെങ്കില്‍ ഇനിയുളള കാലം സമാധാനമായി കഴിയാം. അതിന് സഭ സഹായിക്കണം. അതിന് ചില വ്യവസ്ഥകള്‍ മുന്നോട്ടു വെക്കുന്നുണ്ട്. അതാണ് ആദ്യം പറഞ്ഞത്. താന്‍ ഒരിക്കലും സമ്മര്‍ദം നടത്തുകയല്ലെന്നും വൈദികന്‍ പറയുന്നു. അടുത്തുളള ഒരു ആശ്രമത്തിന്റെ സുപ്പീരിയറായ താന്‍ വന്നത് ഇക്കാര്യം സംസാരിക്കാനാണെന്നും സംസാരത്തില്‍ സൂചിപ്പിക്കുന്നു.

 

 

 

 

Latest News