Sorry, you need to enable JavaScript to visit this website.

നിപയിൽ ആശ്വാസം തുടരുന്നു; ഹൈ റിസ്‌ക് പട്ടികയിലെ 61 പേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട് - നിപ വൈറസ് ബാധയിൽ ആശ്വാസവുമായി കൂടുതൽ പരിശോധനാ ഫലങ്ങൾ. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നിന്ന് പരിശോധനയ്ക്ക് അയച്ച 61 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്നത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
നിപ ബാധിച്ച് രണ്ടാമത് മരിച്ച മംഗലാട്ട് സ്വദേശിയുമായി അടുത്തിടപഴകിയ വ്യക്തി, ഏറ്റവും ഒടുവിൽ നിപ പോസിറ്റീവായ ചെറുവണ്ണൂർ സ്വദേശിയെ പരിചരിച്ച ആരോഗ്യ പ്രവർത്തക അടക്കം ഹൈ റിസ്‌ക് സമ്പർക്കമുള്ളവരുടെ പട്ടികയിലെ ഫലമാണിത്. ഇന്നലെ വൈകിട്ടുവരെ ലഭിച്ച 42 പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്നു സ്ഥിരീകരിച്ചതിന്റെ ആശ്വാസത്തിനൊപ്പമാണ് 61 ഫലങ്ങൾ കൂടി നെഗറ്റീവായത്.
 കോഴിക്കോടിനു പുറമേ മറ്റു ജില്ലകളിൽനിന്നുള്ളവരുടെ ഭൂരിപക്ഷം സാമ്പിളുകളും നെഗറ്റീവാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കേന്ദ്രസംഘം ഇന്നും ഫീൽഡിലുണ്ട്. ഇന്ന് രാവിലെ കേന്ദ്രസംഘവുമായി വളരെ വിശദമായ ചർച്ച നടത്തി. 
 കേരളത്തിന്റെ പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു. കേന്ദ്രസംഘത്തിന്റെ ഒരു ടീം ഇന്ന് മടങ്ങുമെന്നാണ് അറിയിച്ചത്. ആശുപത്രിയിലും ഫീൽഡിലും ഉൾപ്പെടെ നാം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ അവർ നേരിട്ട് കണ്ടു മനസ്സിലാക്കി വളരെ സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. അതിനിടെ, നിപ ബാധിതനായ ഒൻപതു വയസ്സുകാരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽനിന്നും മാറ്റിയതും നിറഞ്ഞ സംതൃപ്തി നൽകുന്ന കാര്യമാണ്. നിപ ലക്ഷണവുമായി തിരുവനന്തപുരത്തു പ്രത്യേക നിരീക്ഷണത്തിലായിരുന്ന രണ്ടുപേരുടെയും ഫലം നെഗറ്റീവായതും ആശ്വാസകരമാണ്. നിപ രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആദ്യ രോഗിയിൽനിന്നാണ് മറ്റെല്ലാവർക്കും രോഗം പകർന്നത്. വൈറസിന്റെ ജീനോമിക് സീക്വൻസിങ് നടത്തി ഇത് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
 കണ്ടയ്ൻമെന്റ് സോണിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ, ഉന്നത പോലീസ് മേധാവികൾ എന്നിവരുടെ യോഗം കലക്ടറേറ്റിൽ നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ.
 

Latest News