ഇംഫാൽ - മണിപ്പൂരിൽ അവധിക്ക് വീട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി കൊന്നു. ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് അംഗം സെർട്ടോ തങ്താങ് കോം (41) ആണ് കൊല്ലപ്പെട്ടത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിംഗ്താങ് ഗ്രാമത്തിലാണ് സംഭവം.
ഇംഫാൽ വെസ്റ്റ് തരുങ് സ്വദേശിയാണ് കൊല്ലപ്പെട്ട സെർട്ടോ. മൂന്ന് ആയുധധാരികൾ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് സൈനികനെ തട്ടിക്കൊണ്ടുപോയത്. പത്തു വയസ്സുള്ള മകന്റ മുന്നിൽ നിന്നാണ് സൈനികനെ സായുധസംഘം തോക്ക് ചൂണ്ടി വാഹനത്തിൽ കയറ്റിക്കൊണ്ട് പോയത്. തുടർന്ന് നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. തിരച്ചിലിൽ ഖുനിങ്താങ് ഗ്രാമത്തിൽനിന്ന് സൈനികന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് പറഞ്ഞു.