Sorry, you need to enable JavaScript to visit this website.

സംഘികൾക്ക് പാദപൂജ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നു-ബൽറാം

കോഴിക്കോട്- കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാ കളരിയായെന്നും വിദ്യാർഥികളെ പരീക്ഷണ മൃഗങ്ങളാക്കുകയാണ് വകുപ്പെന്നും കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ടി ബൽറാം. സംഘികൾക്ക് പാദപൂജ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീവിരുദ്ധ, മനുഷ്യത്വവിരുദ്ധ പ്രഭാഷണങ്ങൾക്ക് ഔദ്യോഗികമായിത്തന്നെ ഇരുന്നു കൊടുക്കേണ്ടി വരുന്ന പരീക്ഷണ മൃഗങ്ങളാണോ നമ്മുടെ വിദ്യാർത്ഥികളെന്നും ബൽറാം ചോദിച്ചു. 

ബൽറാമിന്റെ പോസ്റ്റ്: 

മാതാവ് = ദൈവം
പിതാവ് = ദൈവം
ഗുരു = ദൈവം

അതായത്,

മാതാവ് = ഗുരു
പിതാവ് = ഗുരു
മാതാവ് + പിതാവ് = ഗുഗ്ഗുരു

എന്തോന്നടേയ് ഇത്!

'മാതാപിതാക്കളെ പാഴ് വസ്തുക്കളേപ്പോലെ വലിച്ചെറിയരുത്' എന്ന ഘനഗംഭീരൻ വിഷയത്തിൽ ബോധവൽക്കരണം നടത്താമെന്ന് പറഞ്ഞ് സിപിഎം മുൻ നഗരസഭാ കൗൺസിലറുടെ നേതൃത്ത്വത്തിലുള്ള സംഘടന വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകുന്നു, വകുപ്പ് അപ്പോൾത്തന്നെ ''ഗുരുപൂജ'' എന്ന പരിപാടിക്ക് അനുമതി നൽകുന്നു. സംഘികൾ ഇനി അതേറ്റെടുത്ത് നാടുനീളെ പാദസേവ സംഘടിപ്പിക്കാൻ കോപ്പുകൂട്ടുന്നു.

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന് ശരിക്കും ഒരു നാഥനുണ്ടോ? വിദ്യാഭ്യാസ അവകാശ നിയമത്തിന് കീഴിൽ ഒരുപാട് അവകാശങ്ങളുള്ള ഈ നാട്ടിലെ വിദ്യാർത്ഥികളെ അങ്ങ് ബോധവൽക്കരിച്ച് ഉദ്‌ബോധിപ്പിച്ചു തരാം എന്ന് ഏതെങ്കിലും തട്ടിക്കൂട്ട് സംഘടന സെൽഫ് പ്രൊമോഷന്റെ ഭാഗമായി വാഗ്ദാനം മുന്നോട്ടുവച്ചാൽ കണ്ണുംപൂട്ടി അത് അംഗീകരിച്ച് നൽകലാണോ വകുപ്പിന്റെ പണി? ഇങ്ങനെ കടന്നു വരുന്ന ഏതെങ്കിലും രജത് കുമാറുമാരുടെ സ്ത്രീവിരുദ്ധ, മനുഷ്യത്വവിരുദ്ധ പ്രഭാഷണങ്ങൾക്ക് ഔദ്യോഗികമായിത്തന്നെ ഇരുന്നു കൊടുക്കേണ്ടി വരുന്ന പരീക്ഷണ മൃഗങ്ങളാണോ നമ്മുടെ വിദ്യാർത്ഥികൾ?

ബോധവൽക്കരണത്തിന്റെ വിഷയം തന്നെ നോക്കൂ, എത്ര നെഗറ്റീവായിട്ടാണ് ആ ആശയം അവതരിപ്പിച്ചിരിക്കുന്നത്! പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളാണോ മാതാപിതാക്കളെ പാഴ് വസ്തുക്കളായി വലിച്ചെറിയുന്നത്? കുട്ടികൾക്ക് മാതാപിതാക്കളുമായി ഏറ്റവുമധികം വൈകാരികാടുപ്പം തോന്നുന്ന പ്രായമാണിത്. പാഴ് വസ്തുക്കളായി വലിച്ചെറിയുന്നത് പോയിട്ട് ഒന്നോ രണ്ടോ ദിവസം ഒന്ന് മാറിനിൽക്കുന്നത് പോലും ചിന്തിക്കാൻ കഴിയാത്ത പ്രായത്തിലുള്ളവരോടാണ് ഈ ഉദ്‌ബോധനം. ഹെഡിംഗ് തന്നെ ഇങ്ങനെയാണെങ്കിൽ ക്ലാസിന്റെ ഉള്ളടക്കത്തിന്റെ സ്വഭാവം ഊഹിക്കാമല്ലോ. കുട്ടികളുടെ മനസ്സിൽ അനാവശ്യമായ പാപബോധവും അപകർഷതയും സൃഷ്ടിക്കുക എന്നതായിരിക്കും ഇതിന്റെ പരിണതഫലം. 'പെൺകുട്ടികളുടെ അനുസരണക്കേട് എങ്ങനെ മാറ്റാം' എന്നോ മറ്റോ ഉള്ള തലക്കെട്ടിൽ ഒരു മതസംഘടന നടത്തിയ ബോധവൽക്കരണമാണ് പെട്ടെന്ന് ഓർമ്മ വരുന്നത്.

വിദ്യാർത്ഥികൾക്ക് നൽകുന്ന ഓരോ സന്ദേശത്തിനും പ്രാധാന്യമുണ്ട്. സ്‌നേഹം, സഹാനുഭൂതി, ആർദ്രത, ജനാധിപത്യ ബോധം, പരസ്പര ബഹുമാനം, ലിംഗനീതി തുടങ്ങിയ മാനവിക മൂല്യങ്ങളൊക്കെ കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ടത് തന്നെ. എന്നാൽ ആശയത്തിന് മാത്രമല്ല, അവതരണ രീതിക്കും പ്രാധാന്യമുണ്ട്. ക്ലാസ് നയിക്കുന്നയാൾ എന്ത് പറയുന്നു എന്നത് മാത്രമല്ല, കുട്ടി അതെങ്ങനെയാണ് ഉൾക്കൊള്ളാൻ പോകുന്നത് എന്നതിനേക്കുറിച്ചും കൃത്യമായ ധാരണ വേണം. അതുകൊണ്ടുതന്നെ മതിയായ തയ്യാറെടുപ്പോടെ, വ്യക്തമായ ലക്ഷ്യബോധത്തോടെ, മനശ്ശാസ്ത്രജ്ഞരുടെ വിദഗ്ദാഭിപ്രായം തേടിക്കൊണ്ട് വേണം ഇത്തരത്തിലുള്ള ഓരോ ബോധവൽക്കരണവും സംഘടിപ്പിക്കേണ്ടത്.

ഈ ബോധവൽക്കരണത്തിന് സർക്കാർ ഫണ്ട് നൽകുന്നുണ്ടോ എന്നറിയില്ല. ചിലപ്പോൾ ഇല്ലായിരിക്കും. ചിലർ ആദ്യമൊക്കെ സൗജന്യമായി ക്ലാസ് നൽകി ഈ സിസ്റ്റത്തിന്റെ ഭാഗമായി പിന്നീട് സർക്കാരിനെ സ്വാധീനിച്ച് ഫണ്ടുകൾ തരപ്പെടുത്തിയെടുക്കും. ചിലർക്കാവട്ടെ സർക്കാരിന്റെ ഈ ഔദ്യോഗിക അഡ്രസ് ഉപയോഗപ്പെടുത്തി വേറെ എന്തെങ്കിലും നേട്ടം നേടാനാവും താത്പര്യം. അതുകൊണ്ട് ബോധവൽക്കരണ സംഘടനക്കാരുടെ പ്രഖ്യാപിത/അപ്രഖ്യാപിത ഉദ്ദേശ്യങ്ങൾ എന്തു തന്നെയായിരുന്നാലും സർക്കാർ സ്‌ക്കൂളിൽ പരിപാടികൾക്ക് അനുമതി നൽകുമ്പോൾ അതിന്റെ നാനാവശങ്ങളേക്കുറിച്ച് കൃത്യമായ പരിശോധനകൾ നടക്കണം. കരിക്കുലം കമ്മിറ്റിയേയും മറ്റും ഇക്കാര്യങ്ങളിൽ ഉപയോഗപ്പെടുത്താൻ കഴിയണം. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 

Latest News