ന്യൂദല്‍ഹി - വര്‍ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് നോക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് അഭിഭാഷകന്റെ കൈയിലെ മുറിവ് ചീഫ് ജസ്റ്റിസ്റ്റിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് തെരുവുനായ വിഷയം ഉയര്‍ന്നുവന്നത്. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ അഡ്വ. കുനാല്‍ ചാറ്റര്‍ജിയുടെ ബാന്‍ഡേജിട്ട കൈ കണ്ടപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ചീഫ് ജസ്റ്റിസ് ആരായുകയായിരുന്നു,
വീടിനടുത്ത് അഞ്ച് തെരുവുനായ്ക്കള്‍ വേട്ടയാടിയെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. തെരുവുനായ ആക്രമണങ്ങള്‍ വലിയ ഭീഷണിയായി മാറുകയാണെന്ന് ബെഞ്ചിലെ ജസ്റ്റിസ് പി.എസ് നരസിംഹ നിരീക്ഷിച്ചു. തെരുവുനായ ശല്യത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് കോടതിയിലുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ ആവശ്യപ്പെട്ടു. ഇതോടെ ഇക്കാര്യം നോക്കാമെന്ന്് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.