മുംബൈ- ഇന്ത്യയിലെ സുഗന്ധവ്യഞ്ജന കയറ്റുമതി 2030ഓടെ 1000 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. സ്‌പൈസസ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നവി മുംബൈയില്‍ ആരംഭിച്ച 14ാമത് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസിന്റെ രണ്ടാം ദിവസം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി ഇപ്പോള്‍ 400 കോടി ഡോളറിന്റേതാണ്. ആഗോള സുഗന്ധനവ്യജ്ഞന വ്യവസായ രംഗത്ത് മുന്‍നിരയിലുള്ള ഇന്ത്യ പഴയകാല പ്രതാപം തിരിച്ചുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളിലൊന്നാണ് സുഗന്ധനവ്യഞ്ജനം. രാജ്യത്തിന്റെ സമ്പന്ന സാംസ്‌കാരിക പാരമ്പര്യവും ഇതു പ്രതിഫലിപ്പിക്കുന്നു. ഇന്ത്യ ആതിഥ്യം വഹിച്ച ജി20 സമ്മേളനത്തില്‍ യാഥാര്‍ത്ഥ്യമായ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് വ്യവസായ ഇടനാഴി പദ്ധതി പഴകാല സുഗന്ധന വ്യജ്ഞന പാതയുടെ പ്രതാപം തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കും. 2024ല്‍ ലോകത്തെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വ്യവസായ സമ്മേളനത്തിന് ഇന്ത്യ ആതിഥ്യമരുളുമെന്നും മന്ത്രി പറഞ്ഞു.
സുഗന്ധവ്യഞ്ജനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നൂതന ഉല്‍പന്നങ്ങളുടെ വികസനത്തിനും ബയോടെക് പര്യവേക്ഷണങ്ങള്‍ക്കും ഇന്ത്യയില്‍ വലിയ സാധ്യതകളുണ്ടെന്ന് സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു. വാണിജ്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയും സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ അമര്‍ദീപ് സിങ് ഭാട്ടിയ ഐഎഎസ്, അഡീഷനല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡുമായ സന്തോഷ് കുമാര്‍ സാരംഗി ഐഎഎസ്, സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍ വസിഷ്ഠ് നാരായണ്‍ ഝാ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തെ നയരൂപീകരണകര്‍ത്താക്കള്‍, റെഗുലേറ്ററി അതോറിറ്റികള്‍, വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും, സാങ്കേതിക വിദഗ്ധര്‍, കയറ്റുമതി കമ്പനികള്‍, വ്യാപാര സംഘടനകള്‍ എന്നിവര്‍ പങ്കെടുത്തു.