ഡി.പി.ഐ വിശദീകരണം തേടി
തൃശൂർ- ചേർപ്പ് സ്‌കൂളിൽ അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർഥി സംഘടനകൾ സ്‌കൂളിലേക്ക് മാർച്ച് നടത്തി. എസ്.എഫ്.ഐ, കെ.എസ്.യു, എ.ഐ.എസ്.എഫ് എന്നീ സംഘടനകളാണ് മാർച്ച് നടത്തിയത്. മാർച്ച് സ്‌കൂൾ ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. അതേസമയം, സ്‌കൂളിലെ പാദപൂജയുമായി ബന്ധപ്പെട്ട് ഡി.പി.ഐ തൃശൂർ ഡി.ഇ.ഒയോട് വിശദീകരണം ആവശ്യപ്പെട്ടു. ഗുരുപൂജ എല്ലാവർഷവും സ്‌കൂളിൽ നടക്കുന്നതാണെന്നും വിവാദത്തിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളാണെന്നും സ്‌കൂൾ മാനേജർ വ്യക്തമാക്കി. ഈ വർഷം പുതുതായി ഒന്നും നടത്തിയിട്ടില്ലെന്നും സംസ്ഥാന സർക്കാറിന്റെ സർക്കുലർ അനുസരിച്ചുള്ള ഗുരുപൂജ സംഘടിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് മാനേജറുടെ വാദം.
അതിനിടെ, സംസ്ഥാനത്ത് സ്‌കൂളുകളിൽ ഗുരുവന്ദനം പരിപാടി നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവ് നൽകിയതിന്റെ രേഖകൾ പുറത്തുവന്നു. ഇക്കഴിഞ്ഞ ജൂൺ 26-നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. വി മോഹൻ കുമാറാണ് ഉത്തരവിറക്കിയത്. അനന്തപുരി ഫൗണ്ടേഷൻ സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ അപേക്ഷ അനുസരിച്ചാണ് ഗുരുവനന്ദനം പരിപാടിക്ക് അനുമതി നൽകിയത്. ജൂൺ 22-ന് നൽകിയ അപേക്ഷയിൽ ഉത്തരവ് വന്നത് നാലു ദിവസത്തിന് ശേഷമായിരുന്നു. ഈ ഉത്തരവ് നിലനിൽക്കുന്നത് കൊണ്ടാണ് തൃശൂർ സ്‌കൂളിലെ പാദപൂജ വിവാദത്തിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് സാധിക്കാത്തത് എന്നാണ് സൂചന. ഗുരുവന്ദനം പരിപാടി പാദപൂജ എന്ന നിലയിലേക്ക് സ്‌കൂൾ അധികൃതർ മാറ്റുകയായിരുന്നു. എന്നാൽ ഇതിനെതിരെയും നടപടിയെടുക്കാൻ അധികൃതർ കഴിയുന്നില്ല.