Sorry, you need to enable JavaScript to visit this website.

ജിദ്ദയിലെ മരമുത്തശ്ശി; 150 വർഷത്തിന്റെ പ്രായം

ജിദ്ദയിലെ ബാവ്ബാബ് മരം

ജിദ്ദ-ആധുനിക ജിദ്ദ രൂപപ്പെടുന്നതിന് മുമ്പ് ലക്ഷക്കണക്കിന് ഹജ് തീർഥാടക സംഘങ്ങൾക്ക്  തണലൊരുക്കി ഹജ് പ്രതീകമായി തല ഉയർത്തി നിൽക്കുകയാണ് ജിദ്ദയിലെ മരമുത്തശ്ശി ബാവ്ബാബ് മരം. ഹിസ്‌റ്റോറിക്കൽ ജിദ്ദയുടെ മതിലിനോട് ചേർന്ന് ശാമി ഗൈറ്റിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ മരത്തിന്റെ പ്രായം 150 ഉം കടന്നു. 150 വർഷത്തിനപ്പുറം പശ്ചിമ സുഡാനിൽ നിന്നുള്ള ഒരു ഹജ് തീർഥാടകൻ ചെറിയ തൈ കൊണ്ടുവന്ന് നട്ടതാണിത്. ഹറമിന്റെ നാട്ടിൽ കാലുകുത്തിയതിനുള്ള അടയാളമായി എക്കാലവും ജനങ്ങൾക്ക് ഉപകാരപ്രദവുമാവാൻ വേണ്ടിയാണ് അദ്ദേഹം ഈ മരം നട്ടുപിടിപ്പിച്ചത്. ഇന്ന് ഈ മരത്തിന്റെ തടിക്ക് പത്ത് മീറ്ററോളം വ്യാസമുണ്ട്. പടർന്നു പിടിച്ച ശിഖിരങ്ങൾ വഴി യാത്രക്കാർക്കും നാട്ടുകാർക്കും തണലേകുന്ന ഈ മരം ഇന്ന് അനശ്വരമായ പാരിസ്ഥിതിക പ്രതിഭാസമാണ്. ആഫ്രിക്കയിലെ സവന്ന സമതലങ്ങളിൽ വളരെ ഉയരത്തിൽ വളരുന്ന മരമാണിത്. ഏകദേശം 100 അടിയോളം ഉയരമുണ്ടാവും ഈ മരത്തിന്. പ്രാദേശികമായി ഈ മരത്തിന്റെ  പേര് 'ഹബ്ഹബൂഹ് എന്നാണ്. ഇതിൽ കറുത്ത വിത്തുകൾ അടങ്ങിയ പിയർ പഴത്തിന്റെ ആകൃതിയിലുള്ള ഒരു പഴമുണ്ടാവും. തൊലി കളഞ്ഞാൽ ഉൾഭാഗത്ത് കറുത്ത നിറമുള്ള ഈ വിത്തിന് പുളി രുചിയാണുണ്ടാവുക. തബ്ലദി, ബുഹിബ്ബാബ് എന്നും ബാവ്ബാബ് മരം അറിയപ്പെടുന്നുണ്ടെന്ന് മക്ക കൃഷിവകുപ്പ് ഡയറക്ടർ ജനറൽ എൻജിനീയർ വലീദ് ബിൻ ഇബ്രാഹീം ആൽദഗീസ് പറഞ്ഞു.

ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, മൊസാംബിക്, മഡഗാസ്‌കർ, പടിഞ്ഞാറൻ സുഡാൻ എന്നിവയുൾപ്പെടെ ചില സ്ഥലങ്ങളിലും വളരുന്ന വൃക്ഷമാണിത്. ഈ ഭാഗങ്ങളിൽ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് മുഖ്യപങ്കുവഹിക്കുന്ന വൃക്ഷമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂമിയിലെ ഏറ്റവും പഴക്കമേറിയ വൃക്ഷങ്ങളിലൊന്നാണ് ഇതെന്നാണ് വിശ്വാസം. ഏത് രാസ സംയുക്തത്തിനും അപ്പുറം ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പടിഞ്ഞാറൻ സുഡാനിലെ ആളുകൾ മഴവെള്ളം സംഭരിക്കാൻ ഇത് പ്രയോജനപ്പെടുത്തുന്നു. കാരണം ഇതിന്റെ ശേഷി ഏകദേശം 10 ലിറ്ററാണ്. ബഗ്ദാദിയ സ്ട്രീറ്റ് നവീകരണപദ്ധതിയിൽ ഉൾപ്പെടുത്തി ഈ മഹാവൃക്ഷത്തെ അതിന്റെ ചരിത്രവും കഥയും ഉൾപ്പെടുത്തി സംരക്ഷിക്കാനുള്ള പദ്ധതി ജിദ്ദ മുനിസിപ്പാലിറ്റി കൃഷി വകുപ്പുമായി ചേർന്ന് തയ്യാറാക്കിവരികയാണ്.
 

Latest News