കാലടി- ഉന്നത നിലവാരത്തിൽ പഠിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകളിൽനിന്ന് കരകയറുന്നതിനും പണം കണ്ടെത്തുന്നിന് സ്വന്തം ക്യാമ്പസിലെ കാന്റീനിൽ പൊറോട്ട അടിക്കുകയാണ് കൊല്ലം ശൂരനാട് സ്വദേശി കെ. അഖിൽ. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ അഖിൽ താൻ പഠിക്കുന്ന കാലടി ക്യാമ്പസിലെ കാന്റീനിലാണ് പെറോട്ട അടിക്കുന്നത്. കാലടി സ്വദേശി ബൈജുവാണ് കാന്റീൻ ഏറ്റെടുത്ത് നടത്തുന്നത്. കാന്റീനിൽ സ്ഥിരമായി പൊറോട്ട അടിച്ചിരുന്നത് ഒരു അതിഥി തൊഴിലാളിയായിരുന്നു. നാട്ടിലേയ്ക്ക് എന്ന് പറഞ്ഞ് അവധിക്ക് പോയ ഇയാൾ പിന്നീട് ജോലിക്ക് വരാതായി. ഇതറിഞ്ഞ അഖിൽ ബൈജുവിനോട് താൻ പൊറോട്ട അടിക്കാൻ വരട്ടേ എന്ന് ചോദിച്ചു. പൊറോട്ട അടിക്കാരൻ ഇല്ലാതെ ബുദ്ധിമുട്ടിയിരുന്ന ബൈജു ഇത് സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു. അങ്ങനെ ക്യാമ്പസിലെ കൂട്ടുകാർക്കും, അധ്യാപകർക്കും അഖിൽ രുചികരമായ പൊറോട്ട ഉണ്ടാക്കി നൽകിവരികയാണ് ഒപ്പം പഠനവും. കൊല്ലം ശൂരനാട്ട് മാതാപിതാൾ ചായക്കട നടത്തിയിരുന്നു. അവിടെ വെച്ച് പഠിച്ചതാണ് പീന്നീട് ജീവിതത്തിൽ പോരാടാൻ അഖിലിന് സഹായകരമായത്. രാവിലെ 5 മണിക്ക് അഖിൽ കാന്റീനിലെത്തി 9.30 വരെ കാന്റീനിൽ. പൊറോട്ട അടക്കമുള്ള ജോലികൾ ചെയ്യും. തുടർന്ന് വിദ്യാഭ്യാസം മലയാളത്തിലാണ് ഗവേഷണം ചെയ്യുന്നത്. സിനിമയിലെ വിപണി രാഷ്ട്രീയമാണ് വിഷയം. ഭാര്യ അനുശ്രീയും സംസ്കൃത സർവകലാശാലയിലെ തന്നെ ഗവേഷകയാണ്. പാട്ടുകാരനും, ചിത്രകാരനുമാണ് അഖിൽ. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്നാണ് ഡിഗ്രി കരസ്ഥമാക്കിയത്. അവിടെ ആർട്സ് ക്ലബ്ബ് സെക്രട്ടറി കൂടിയായിരുന്നു. തുടർന്ന് സംസ്കൃത സർവകലാശാലയിലെ പൻമന സെന്ററിൽ നിന്നും മലയാളത്തിൽ പി.ജി നേടി. പെറോട്ടയ്ക്ക് പുറമേ കേക്ക് നിർമാണവും അഖിലിനറിയാം. 2015-20 കാലഘട്ടത്തിൽ ശൂരനാട് പഞ്ചായത്തംഗമായിരുന്നു. സി.പി.എം സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.