- സ്വന്തം ജന്മദിനം പോലും ഇവ്വിധം ദുരുപയോഗപ്പെടുത്തിയ അൽപ്പന്മാർ വേറെയില്ലെന്ന് മോഡിക്കെതിരെ വിമർശം
ന്യൂഡൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 73-ാം ജന്മദിനം ബി.ജെ.പി സർക്കാറുകൾ ആഹ്ലാദപൂർവ്വം ആഘോഷിക്കവേ, ഇന്ത്യൻ പാർലമെന്റിന്റെ പുതിയ മന്ദിരത്തിലും ദേശീയ പതാക ഉയർന്നു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെയും മറ്റും സാന്നിധ്യത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് ഇന്ന് രാവിലെ പതാക ഉയർത്തിയത്.
ചടങ്ങിൽ പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിങ്, സ്റ്റേറ്റ് പാർലമെന്ററി കാര്യമന്ത്രിമാരായ അർജുൻ റാം മെഘാവാൾ, വി മുരളീധരൻ, ലോക്‌സഭാ രാജ്യസഭാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഹൈദരാബാദിൽ നടക്കുന്നതിനാൽ മല്ലികാർജുൻ ഖാർഗെ ചടങ്ങിൽ പങ്കെടുത്തില്ല. ചടങ്ങിലേക്ക് ഒടുവിലായി ക്ഷണിക്കപ്പെട്ടതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം അദ്ദേഹം രാജ്യസഭാ സെക്രട്ടറി ജനറൽ പ്രമോദ് ചന്ദ്രമോദിയെ അറിയിച്ചിരുന്നു. സെപ്തംബർ 17ന് നടക്കുന്ന ചടങ്ങിലേക്ക് 15ന് വൈകിയാണ് തനിക്ക് ക്ഷണം ലഭിച്ചതെന്നും ഇതിൽ കടുത്ത നിരാശയുണ്ടെന്നും കത്തിലൂടെയാണ് ഖാർഗെ അറിയിച്ചത്. നരേന്ദ്ര മോഡിയുടെ ജന്മദിനമായ സെപ്തംബർ 17ന് തന്നെ പാർലമെന്റിന്റെ പുതിയ കെട്ടിടത്തിൽ പതാക ഉയർത്തിയതിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. സ്വന്തം ജന്മദിനം പോലും ഇവ്വിധം ദുരുപയോഗപ്പെടുത്തിയ അൽപ്പന്മാർ വേറെയില്ലെന്ന് മോഡിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശമുണ്ട്.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നാളെ മുതൽ 22 വരെ വിളിച്ചുചേർത്തിട്ടുണ്ട്. പാർല്ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നാളെ പഴയ മന്ദിരത്തിലും മറ്റന്നാൾ (സെപ്തംബർ 19) മുതൽ പുതിയ പാർലമെന്റ് മന്ദിരത്തിലും ചേരുമെന്നാണ് റിപോർട്ടുകൾ. 19ന് ഗണേശ ചതുർഥി ആയതിനാലാണ് അന്നേക്കു പാർല്ലമെന്റ് സമ്മേളനം മാറ്റിയതെന്നാണ് വിവരം. പ്രത്യേക പാർലമെന്ററി സമ്മേളനം അജണ്ട പോലും വ്യക്തമാക്കാതെ പെട്ടെന്ന് വിളിച്ചതിൽ നേരത്തേ അതൃപ്തി ഉയർന്നിരുന്നു. അതിനിടെ, നാളെ മുതൽ 22 വരെ നീളുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് ലോക്‌സഭാ-രാജ്യസഭാ സെക്രട്ടേറിയറ്റുകൾ അറിയിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ സെഷനിൽ അഞ്ച് സിറ്റിംഗുകൾ ഉണ്ടായിരിക്കുമെന്നും അറിയിപ്പുണ്ട്.
പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം ചരിത്രനിമിഷമാണിതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഭാരതം യുഗമാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. ഭാരതത്തിന്റെ ശക്തിയെയും നേട്ടങ്ങളെയും ലോകം ഇന്ന് അംഗീകരിക്കുന്നു. സ്വപ്ന തുല്യമായ വികസനത്തിനും നേട്ടങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഉപരാഷ്ട്രപതി മാധ്യമങ്ങളോട് പ്രതികരിച്ചു.