- കോളേജ് നിലനിൽക്കുന്നത് കണ്ടെയ്ൻമെന്റ് സോണിൽ അല്ലാത്തതിനാൽ അവധി നൽകില്ലെന്നാണ് കോളേജ് അധികൃതരുടെ നിലപാടെന്നും നാളെയും പരീക്ഷയും ക്ലാസും ഉണ്ടാകുമെന്ന് അറിയിച്ചതായും എൻ.ഐ.ടി വിദ്യാർത്ഥികൾ
കോഴിക്കോട് - നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ വകവെയ്ക്കാതെ കോഴിക്കോട് എൻ.ഐ.ടി അധികൃതർ. നിയന്ത്രണം ലംഘിച്ച് ക്ലാസും പരീക്ഷയും നടത്തിയതായി വിദ്യാർത്ഥികൾ പറഞ്ഞു.
കോളേജ് നിൽക്കുന്നത് കണ്ടെയ്ൻമെന്റ് സോണിൽ അല്ലാത്തതിനാൽ അവധി നൽകില്ലെന്നാണ് കോളേജ് അധികൃതരുടെ നിലപാടെന്നും നാളെയും പരീക്ഷയും ക്ലാസും ഉണ്ടാകുമെന്ന് അറിയിച്ചതായും എൻ.ഐ.ടി വിദ്യാർത്ഥികൾ വ്യക്തമാക്കി.
നിപ ബാധിച്ച് രണ്ടുപേർ മരിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്നുദിവസം കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടർച്ചയായി അവധിയായിരുന്നു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരാഴ്ചകൂടി അവധി നൽകി ക്ലാസുകൾ ഓൺലൈനിൽ നടത്താൻ ഇന്നലെ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഓൺലൈനിൽ മാത്രമായിരിക്കുമെന്നും വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.