തിരുവനന്തപുരം-നിപയില്‍ ആശ്വാസമായി തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് നിന്ന് തലസ്ഥാനത്തെത്തിയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ഫലമാണ് നെഗറ്റീവായത്. വിദ്യാര്‍ത്ഥിയ്ക്ക് പനി ബാധിച്ചതോടെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞദിവസം കാട്ടാക്കട സ്വദേശിനിയെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെ പനിയുണ്ടായതോടെ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, നിപാ ജാഗ്രതയില്‍ തുടരുകയാണ് കോഴിക്കോട്. 51 പേരുടെ പരിശോധനാഫലങ്ങള്‍ കൂടി ഇന്ന് ലഭിക്കും. നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 1192 പേരാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള നാലുപേരെ ഐസോലേഷനില്‍ പ്രവേശിപ്പിട്ടിട്ടുണ്ട്. രണ്ടാം ഘട്ട വ്യാപനത്തിലേയ്ക്ക് കടക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണെന്നും നിപ അവലോകന യോഗത്തിന് മന്ത്രി വ്യക്തമാക്കിയിരുന്നു. നിലവില്‍ പുതിയ പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആദ്യം നിപ ബാധിച്ച് മരിച്ചയാളുടെ മകനായ ഒമ്പതു വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ചികിത്സാ സഹായം ഉള്‍പ്പെടെ തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടെയും നില തൃപ്തികരമാണ്.