Sorry, you need to enable JavaScript to visit this website.

പി.ഐ.എ വിമാന സർവീസുകൾ വെട്ടിക്കുറക്കുന്നു

കറാച്ചി- പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സർക്കാർ നിയന്ത്രണത്തിലുള്ള പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ (പി.ഐ.എ) ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറക്കുന്നു. ഇന്ധനത്തിനായുള്ള തുക നൽകാൻ കഴിയാതെ വന്നതോടെ കറാച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള നിരവധി സർവീസുകൾ കഴിഞ്ഞ ദിവസം പി.ഐ.എ റദ്ദാക്കിയിരുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാൻ വേണ്ട പണമില്ലെന്നും വരും ദിവസങ്ങളിൽ സർവീസുകൾ പൂർണമായും സ്തംഭിച്ചേക്കുമെന്നും പി.ഐ.എ വക്താവ് പറയുന്നു. 40 ലക്ഷം ഡോളറിന്റെ വാടക കുടിശ്ശിക നൽകാത്തതിനെ തുടർന്ന് പി.ഐ.എയുടെ ഒരു വിമാനം ഇക്കഴിഞ്ഞ മേയിൽ മലേഷ്യയിലെ ക്വാലാലംപൂർ വിമാനത്താവളത്തിൽ താൽക്കാലികമായി പിടിച്ചെടുത്തിരുന്നു. വിമാനം വാടകയ്ക്ക് നൽകിയ ലിസിംഗ് കമ്പനിയായ എയർക്യാപ് ഹോൾഡിംഗ്‌സിന്റെ പരാതിയിൽ മലേഷ്യൻ കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. 2021ലും വാടക കുടിശ്ശികയുടെ പേരിൽ മലേഷ്യയിൽ വെച്ച് പി.ഐ.എ വിമാനം പിടിച്ചെടുത്തിരുന്നു. വ്യാജ പൈലറ്റ് ലൈസൻസുകളുടെ പേരിൽ 2020ൽ യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയതും പി.ഐ.എയുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കംകൂട്ടി.
 

Latest News