Sorry, you need to enable JavaScript to visit this website.

കരുണാനിധി ചികിത്സയോട് പ്രതികരിക്കുന്നു; അണികളെ ശാന്തരാക്കി സ്റ്റാലിന്‍

ചെന്നൈ-ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും സംഘര്‍ഷത്തില്‍നിന്നും അക്രമത്തില്‍നിന്നും വിട്ടുനില്‍ക്കണമെന്നും മകന്‍ എം.കെ. സ്റ്റാലിന്‍ പാര്‍ട്ടി അണികളെ ഉണര്‍ത്തി. കരുണാനിധിയെ ചികിത്സിക്കുന്ന ആശുപത്രിക്ക് പുറത്ത് എളുന്തു വാ എന്ന മുദ്രാവാക്യത്തോടെ ജനങ്ങള്‍ ഒഴുകിയെത്തുകയാണ്.
കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഞയാറാഴ്ച രാത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിരുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ എ.രാജ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകരോട് പറഞ്ഞു. കരുണാനിധിയുടെ നില അതീവ ഗുരുതരമാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ചെന്നൈ നഗരത്തിലെ സുരക്ഷ ശക്തമാക്കിയിരുന്നു.


ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കമുള്ള നേതാക്കള്‍ ഞായറാഴ്ച ആശുപത്രിയിലെത്തി. ശനിയാഴ്ച രാത്രി 1.30ഓടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെത്തുടര്‍ന്ന്അദ്ദേഹത്തെ കാവേരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധചികിത്സയിലൂടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവന്നെങ്കിലും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
 

Latest News