ഹുബ്ബള്ളി-നാടകീയ നീക്കങ്ങള്‍ക്കു ശേഷം കര്‍ണാടകയിലെ ഹുബ്ബള്ളി ജില്ലയിലെ വിവാദ ഈദ്ഗാഹ് മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് അധികൃതര്‍ അനുമതി നല്‍കി.
വെള്ളിയാഴ്ച രാത്രി വൈകിയാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ധാര്‍വാഡ് ഹുബ്ബള്ളി സിറ്റി കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഈശ്വര്‍ ഉള്ളഗഡ്ഡി കൈമാറിയത്. ബി.ജെ.പി എംഎല്‍എമാരായ അരവിന്ദ് ബെല്ലാഡിന്റെയും മഹേഷ് തെങ്ങിന്‍കായിയുടെയും നേതൃത്വത്തില്‍ ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഹൈക്കോടതി വിധി വന്നിട്ടും അനുമതി പത്രം നല്‍കാത്തതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കുകയായിരുന്നു.
പോലീസ് കമ്മീഷണര്‍ ഉമാ സുകുമാരനും അഡീഷണല്‍ പോലീസ് സേനയും സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷമാണ് റോഡ് ഉപരോധം നീക്കിയത്.
ഈദ്ഗാഹ് മൈതാന പരിസരത്ത് ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിനും ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നതിനും എതിരായ ഹരജി വെള്ളിയാഴ്ച കര്‍ണാടക ഹൈക്കോടതിയുടെ ധാര്‍വാഡ് ബെഞ്ച് തള്ളിയിരുന്നു.
വിവാദ സ്ഥലത്ത് ഗണേശോത്സവം ആഘോഷിക്കാന്‍ അനുമതി നല്‍കിയ ഹുബ്ബള്ളി-ധാര്‍വാഡ് സിറ്റി കോര്‍പ്പറേഷന്റെ തീരുമാനത്തിനെതിരെ അഞ്ജുമാനെ ഇസ്ലാം സംഘടനയാണ് ഹരജി സമര്‍പ്പിച്ചത്.
കഴിഞ്ഞ മാസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ അനുമതി നല്‍കുകയും പിന്നീട് കോര്‍പറേഷന്‍ അനുമതി നിഷേധിക്കയും ചെയ്തിരുന്നു.
1971ല്‍ അഞ്ജുമാനെ ഇസ്‌ലാം സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ശ്രമിക്കുകയും 1921 ലെ പാട്ടക്കരാര്‍ ലംഘിച്ച് കെട്ടിടം പണിയുകയും ചെയ്തതോടെയാണ് ഹുബ്ബള്ളിയിലെ ഈദ്ഗാഹ് തര്‍ക്കം ആരംഭിച്ചത്. കാലക്രമേണ, തര്‍ക്കം രാഷ്ട്രീയ വഴിത്തിരിവായി.
1992ല്‍ കോണ്‍ഗ്രസിന്റെ കീഴില്‍ ത്രിവര്‍ണപതാക ഉയര്‍ത്താനുള്ള ശ്രമം നടന്നു. എന്നാല്‍, തര്‍ക്കഭൂമിയില്‍ പതാക ഉയര്‍ത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ഭരണകക്ഷി നടപടി നിര്‍ത്തിവച്ചു. നടപടി വര്‍ഗീയ സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
1994ല്‍ ബിജെപി നേതാവ് ഉമാഭാരതി സ്വാതന്ത്ര്യദിനത്തില്‍ മൈതാനത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു.
വര്‍ഗീയ സംഘര്‍ഷം ഭയന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഉമാഭാരതിയെ തടയുകയും മറ്റ് ചിലരെ പട്ടണത്തില്‍ ബലമായി പ്രവേശിച്ച ശേഷം അറസ്റ്റ് ചെയ്യുകയുമുണ്ടായി. സംഭവത്തില്‍ പോലീസ് വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.