തിരുവനന്തപുരം- വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പോലീസില്‍നിന്ന് ലഭിക്കേണ്ട രേഖകള്‍ക്ക് ഒക്ടോബര്‍ മുതല്‍ പണം നല്‍കണം. കേസുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കേണ്ട ജനറല്‍ ഡയറി, എഫ്.ഐ.ആര്‍., പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മുറിവ് (വൂണ്ട്) സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ ഒരോന്നും ലഭിക്കാന്‍ 50 രൂപ വീതമാണ് നല്‍കേണ്ടത്. നേരത്തേ ഇതിന് പണം നല്‍കേണ്ടതില്ലായിരുന്നു.
ഇതുള്‍പ്പെടെ പണം നല്‍കി പോലീസില്‍നിന്ന് ലഭിക്കേണ്ട സേവനങ്ങളുടെ നിരക്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി. സബ് ഡിവിഷന്‍ പരിധിയില്‍ 4000 രൂപയും ജില്ലാ തലത്തില്‍ സംഘടിപ്പിക്കണമെങ്കില്‍ 10,000 രൂപയും പോലീസില്‍ നല്‍കുന്ന അപേക്ഷയ്ക്കൊപ്പം നല്‍കണം. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പബ്ലിക് ലൈബ്രറികള്‍, ശാസ്ത്രസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പണം നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് നായയെ 7280 രൂപ നല്‍കിയാല്‍ ഒരു ദിവസത്തേക്ക് വാടകയ്ക്ക് ലഭിക്കും. വയര്‍ലെസ് സെറ്റൊന്നിന് 2425 രൂപ നല്‍കിയാല്‍ മതി.
സ്വകാര്യ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിനുള്ള ഫീസ് നിരക്കും വര്‍ധിപ്പിച്ചു. സി.ഐ. വരെയുള്ള ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ സ്വകാര്യ ആവശ്യത്തിന് നല്‍കും. സി.ഐ.യെ പകല്‍ നാലുമണിക്കൂര്‍ വിട്ടുകിട്ടുന്നതിന് 3340 രൂപയും രാത്രിയിലെങ്കില്‍ 4370 രൂപയും നല്‍കിയാല്‍ മതി. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതിലും കുറഞ്ഞ നിരക്ക് നല്‍കിയാല്‍ മതി. റൈഫിള്‍, കെയ്ന്‍ ഷീല്‍ഡ്, മെറ്റല്‍ ക്യാപ് ഉള്‍പ്പെടെയാണ് ഈ തുക നല്‍കേണ്ടത്.
ഫിംഗര്‍പ്രിന്റ് ബ്യൂറോ, ഫൊറന്‍സിക് സയന്‍സ് ലാബ് എന്നിവയില്‍ നിന്നുള്ള സേവന നിരക്കും വര്‍ധിപ്പിച്ചു. സ്വകാര്യ കേസുകളുമായി ബന്ധപ്പെട്ട് കോടതികള്‍ അയക്കുന്ന ഡി.എന്‍.എ. സാമ്പിളുകളുടെ പരിശോധനയ്ക്ക് 24,255 രൂപയാക്കി വര്‍ധിപ്പിച്ചു. ഫൊറന്‍സിക് ലാബിലെ ഹാര്‍ഡ് ഡിസ്‌ക് പരിശോധന, ഫോണ്‍കളിലെ മെമ്മറി കാര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ പരിശോധനാ തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്.
വിദേശത്തു പോകുന്നതിനും ജോലിയില്‍ പ്രവേശിക്കുന്നതിനുമൊക്കെ ആവശ്യമായി വരുന്ന 'കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല' എന്ന സര്‍ട്ടിഫിക്കറ്റിന് നേരത്തേ 555 രൂപയുണ്ടായിരുന്നത് 610 രൂപയായി ഉയര്‍ത്തി. പോലീസ് വാഹനങ്ങള്‍ സ്വകാര്യ ആവശ്യത്തിന് വിട്ടുകിട്ടുന്നതിനുള്ള തുകയിലും വര്‍ധന വരുത്തിയിട്ടുണ്ട്. മിനിമം ചാര്‍ജ് തുകയും വര്‍ധിപ്പിച്ചു. വാഹനം കേടായാല്‍ നല്‍കേണ്ട തുകയിലും നേരിയ വര്‍ധന വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.മൈക്ക് ലൈന്‍സന്‍സിനുള്ള ഫീസ് 15 രൂപ വര്‍ധിപ്പിച്ചു. ഓടുന്ന വാഹനത്തിലെ മൈക്ക് ഉപയോഗത്തിന് 610 രൂപ ഫീസടയ്ക്കണം. ഇത്തരം വാഹനങ്ങള്‍ സംസ്ഥാനത്താകെ ഉപയോഗിക്കുന്നതിന് നേരത്തേ 5515 രൂപയാണ് ഈടാക്കിയിരുന്നതെങ്കില്‍ ഒക്ടോബര്‍ മുതല്‍ ഇത് 6070 രൂപയാക്കി.