ചെന്നൈ-അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ബിജെപിയില്‍ ചേരാന്‍ ഇ.ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം. മന്ത്രിക്കു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കപില്‍ സിബലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്.രാഷ്ട്രീയമായി പകപോക്കാനാണ് മന്ത്രിക്കെതിരെ കേസെടുത്തത്. ബിജെപിയില്‍ ചേര്‍ന്നു കൂടേയെന്ന് ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥര്‍ ചോദിച്ചു. അനധികൃത പണമിടപാടിന് തെളിവില്ലെന്നും സിബല്‍ വാദിച്ചു. മദ്രാസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മന്ത്രിയുടെ ജാമ്യഹര്‍ജി പരിഗണിക്കവേ സിബല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇ.ഡി തള്ളി. ഇടനിലക്കാര്‍ വഴിയാണ് ക്രമക്കേട് നടന്നതെന്നും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും വാദിച്ചു. കേസില്‍ വിധി പറയുന്നത് കോടതി 20ലേക്ക് മാറ്റി. ഇതിനിടെ, സെന്തിലിന്റെ റിമാന്‍ഡ് കാലാവധി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി 29 വരെ നീട്ടി.