സഹരന്‍പൂര്‍, യുപി- അസുഖബാധിതയായ 29 കാരിയായ യുവതിയെ ഭര്‍ത്താവ് തല്ലിക്കൊന്നതായി യു.പി പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി, അസുഖത്തെത്തുടര്‍ന്ന്, അല്‍ക്ക തന്റെ കിടക്കയില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയതാണ് ഭര്‍ത്താവ് സന്ദീപിനെ (30) പ്രകോപിപ്പിച്ചതെന്ന് പോലീസ് സൂപ്രണ്ട് (സിറ്റി) അഭിമന്യു മംഗ്ലിക് പിടിഐയോട് പറഞ്ഞു.
രോഷാകുലനായ സന്ദീപ് അല്‍ക്കയെ മര്‍ദിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തു.
ഖുതബ്‌ഷേര്‍ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ന്യൂ ശാരദ നഗര്‍ നിവാസികളായ ദമ്പതികള്‍ വിവാഹിതരായിട്ട് 10 വര്‍ഷമായി, കുട്ടികളില്ലെന്നും യുവതിക്ക് ചില അസുഖങ്ങളുണ്ടായിരുന്നുവെന്നും അഭിമന്യു മംഗ്‌ലിക് പറഞ്ഞു.
ഇത് പലപ്പോഴും ഇരുവരും തമ്മില്‍ വഴക്കുണ്ടാകാന്‍ കാരണമായി. വ്യാഴാഴ്ച രാത്രി സന്ദീപ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു, അദ്ദേഹം പറഞ്ഞു.
അയല്‍ക്കാര്‍ കുത്തബ്‌ഷേര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതായി അഭിമന്യു മംഗ്‌ലിക് പറഞ്ഞു. വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സന്ദീപിനെ അറസ്റ്റ് ചെയ്തതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും അദ്ദേഹം പറഞ്ഞു.