Sorry, you need to enable JavaScript to visit this website.

ശമ്പളം മൂവായിരം രൂപ മാത്രം, പൂജാരിമാരാകാന്‍ തമിഴ്‌നാട്ടില്‍ മൂന്ന് യുവതികള്‍

ചെന്നൈ- തൊഴിലിലെ ലിംഗഭേദം ഇല്ലാതാക്കാനുള്ള അവസരം മുതലെടുത്ത്, മൂന്ന് യുവതികള്‍ ഹിന്ദു ക്ഷേത്രത്തിലെ പുരോഹിതന്റെ ജോലി ഏറ്റെടുത്തു. മൂവരും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്.
രണ്ടുപേര്‍ ബിരുദധാരികളും മൂന്നാമത്തെയാള്‍ ബിരുദാനന്തര ബിരുദധാരിയുമാണ്. അമ്പലത്തിലെ  ശമ്പളം തുച്ഛമാണ്. എന്നാല്‍ ദൈവം തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് പറയുന്ന ഭക്തരായ യുവതികള്‍ക്ക് അതൊരു പ്രശ്‌നമായി തോന്നുന്നില്ല.
'ഞാന്‍ ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു, എല്ലാ ജാതികളില്‍ നിന്നുമുള്ള സ്ത്രീകളെ ക്ഷേത്ര പൂജാരിമാരാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം എന്റെ സുഹൃത്ത് എന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു- ബിഎസ്‌സി വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയായ എന്‍ രഞ്ജിത പറയുന്നു.

ദൈവത്തെ സേവിക്കുക എന്നത് പ്രധാനമാണെന്ന് ഞാന്‍ കരുതി, അതിനാല്‍ ഒരു പുരോഹിതയാകാന്‍ തീരുമാനിച്ചു,' രഞ്ജിത പിടിഐയോട് പറഞ്ഞു. തിരുവാരൂര്‍ ജില്ലയിലെ നീഡമംഗലത്തുള്ള  മാതാപിതാക്കള്‍ കര്‍ഷകരാണെന്നും കുടുംബത്തിലെ ആദ്യത്തെ ബിരുദധാരിയാണ് താനെന്നും അവര്‍ പറഞ്ഞു.

ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ എസ് രമ്യയും ഗണിതശാസ്ത്രത്തില്‍ ബിരുദധാരിയായ എസ് കൃഷ്ണവേണിയും തങ്ങളുടെ ജീവിതം ക്ഷേത്രസേവനത്തിനായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ഒരു വര്‍ഷത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ 98 പേരില്‍ ഈ മൂന്ന് പേരും ഉള്‍പ്പെടുന്നു. മറ്റ് 95 പേര്‍ പുരുഷന്മാരാണ്.

പരിശീലനം തുടക്കത്തില്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു, എന്നാല്‍ അധ്യാപകന്‍ സുന്ദര്‍ ഭട്ടര്‍ നന്നായി പഠിപ്പിച്ചു, രഞ്ജിത പറഞ്ഞു. പുതുതായി നിയമിക്കപ്പെട്ട സ്ത്രീകളെ വൈഷ്ണവ ക്ഷേത്രങ്ങളില്‍ അസിസ്റ്റന്റ് പൂജാരിമാരായി എച്ച്ആര്‍ & സിഇ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിധിയില്‍ നിയമിക്കുകയും ഒരു വര്‍ഷത്തേക്ക് പരിശീലനത്തിന് വിധേയമാക്കുകയും ശേഷം സ്ഥിരമായ സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്യും.

കടലൂര്‍ ജില്ലയിലെ തിട്ടക്കുടിയിലുള്ള ഗ്രാമത്തിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ അച്ഛനും മുത്തച്ഛനും സേവനമനുഷ്ഠിച്ചിരുന്നതായി കൃഷ്ണവേണി പറയുന്നു. 'ശമ്പളത്തെക്കുറിച്ച് എനിക്കോ മറ്റുള്ളവര്‍ക്കോ ആശങ്കയില്ല, കാരണം ഈശ്വരന്‍ ഞങ്ങള്‍ക്ക് തരുമെന്ന് വിശ്വസിക്കുന്നു- അവള്‍ പറഞ്ഞു.

ഇവരെല്ലാം പരിശീലനത്തിന്റെ ആറാം മാസത്തില്‍ മന്നാര്‍ഗുഡി സെണ്ടലങ്കര ജീയാറില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ശ്രീരംഗത്തെ ശ്രീ രംഗനാഥര്‍ ക്ഷേത്രത്തിന് കീഴിലുള്ള പൂജാരി ട്രെയിനിംഗ് സ്‌കൂളില്‍ അവര്‍ വൈഷ്ണവ ആരാധനാ പാരമ്പര്യമായ പഞ്ചരാത്ര ആഗമത്തില്‍ പരിശീലനം നേടിയിട്ടുണ്ട്.

 

 

 

Latest News