ന്യൂദല്‍ഹി - കേസിനെക്കുറിച്ചറിയാത്ത ജൂനിയര്‍ അഭിഭാഷകനെ കേസ് മാറ്റിവെയ്പ്പിക്കാന്‍ കോടതിയിലേക്ക് അയച്ച സീനിയര്‍ അഭിഭാഷകന് സുപ്രീം കോടതി 2,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നില്‍ ജൂനിയര്‍ അഭിഭാഷകന്‍ ഹാജരാകുകയും പ്രധാന അഭിഭാഷകന്‍ ഇല്ലാത്തതിനാല്‍ കേസ് മാറ്റിവയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ഇത് നിസ്സാരമായി കാണാനാകില്ലെന്നും കോടതിയുടെ പ്രവര്‍ത്തനത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ ചിലവുണ്ടെന്നും അതിനാല്‍ വാദം ആരംഭിക്കണമെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അഭിഭാഷകനോട് ആവശ്യപ്പെടുകയായിരുന്നു. കേസിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും വാദിക്കാന്‍ നിര്‍ദ്ദേശമില്ലെന്നും ജൂനിയര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതേതുടര്‍ന്ന് സീനിയര്‍ അഭിഭാഷകനോട് കോടതിയ്ക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെടുകയും അഭിഭാഷകന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായപ്പോള്‍ കോടതി പിഴ ചുമത്തുകയുമായിരുന്നു.