Sorry, you need to enable JavaScript to visit this website.

ഇടുക്കി ഡാം തുറക്കൽ: ഊഹാപോഹം പരത്തരുതെന്ന് എറണാകുളം ജില്ലാ കലക്ടർ

കൊച്ചി - ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പരത്തരുതെന്നും അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തേണ്ടി വന്നാൽ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നൽകുമെന്നും കലക്ടർ ഫെയ്‌സ്ബുക്കിൽ അറിയിച്ചു. 


പോസ്റ്റിന്റെ പൂർണ രൂപം:

ഇടുക്കി, ഇടമലയാര്‍: ആശങ്ക വേണ്ട, ഊഹാപോഹം പരത്തരുത് - കളക്ടര്‍

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പരത്തരുത്. അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തേണ്ടി വന്നാൽ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നൽകും.

ഇതിനകം സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി നാളെ തിങ്കൾ ഉച്ചയ്ക്ക് മൂന്ന് മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് കൂടുതൽ നടപടികൾ സ്വീകരിക്കും.

മൂന്നു മുന്നറിയിപ്പുകള്‍ നല്‍കിയതിനുശേഷമേ അണക്കെട്ടുകള്‍ തുറക്കൂ. ഇതുവരെ ആദ്യ മുന്നറിയിപ്പു മാത്രമേ ലഭിച്ചിട്ടുള്ളൂ. മൂന്നാം മുന്നറിയിപ്പു കഴിഞ്ഞ് 24 മണിക്കൂറിനുശേഷമേ ഷട്ടറുകള്‍ തുറക്കൂ എന്നതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സമയം ലഭിക്കും.

ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 165 മീറ്റര്‍ കടന്നപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ഇത് 167 മീറ്ററാകുമ്പോള്‍ രണ്ടാം മുന്നറിയിപ്പും 169 മീറ്ററാകുമ്പോള്‍ മൂന്നാം മുന്നറിയിപ്പും നല്‍കും. ഇടുക്കിയില്‍ 2390 അടി പിന്നിട്ടപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ജലനിരപ്പ് 2395 അടിയാകുമ്പോള്‍ രണ്ടാമത്തെയും 2399 അടിയാകുമ്പോള്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും. തുടര്‍ന്ന് 24 മണിക്കൂറിനു ശേഷമേ ഷട്ടറുകള്‍ തുറക്കൂ.

Latest News