Sorry, you need to enable JavaScript to visit this website.

ഉമ്മൻചാണ്ടി കോടതിയിൽ നൽകിയ മൊഴി പുറത്ത്; 'ഗണേഷിന് മന്ത്രിസ്ഥാനം നഷ്ടമായതിന്റെ അകൽച്ചയുണ്ടായിരുന്നു'

കൊല്ലം - സോളാർ ലൈംഗിക പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചനയുണ്ടായെന്ന സി.ബി.ഐ റിപോർട്ടിന് പിന്നാലെ, ഉമ്മൻചാണ്ടി കോടതിയിൽ നൽകിയ മൊഴിയുടെ പകർപ്പ് പുറത്ത്. 2018 ആഗസ്ത് മൂന്നിന് ഉമ്മൻചാണ്ടി കൊട്ടാരക്കര കോടതിയിൽ നൽകിയ മൊഴിയാണിപ്പോൾ പുറത്ത് വന്നത്.
 കേസിൽ സത്യാവസ്ഥ തെളിയണമെന്നും പുറത്തുവന്ന കത്തിൽ നാലുപേജ് കൂട്ടിച്ചേർത്തതിൽ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി മുൻ ജില്ലാ ഗവ. പ്ലീഡർ കൂടിയായ സുധീർ ജേക്കബ് കൊട്ടാരക്കര കോടതിയിൽ ഫയൽ ചെയ്ത കേസിലെ മൊഴിയാണിത്. കെ.ബി ഗണേശ് കുമാറിന് തന്നോട് അകൽച്ചയുണ്ടായിരുന്നുവെന്നാണ് അഞ്ചുപേജുള്ള മൊഴി പകർപ്പിലുള്ളത്. 
 തന്റെ മന്ത്രിസഭയിൽ നിന്ന് രാജിവയ്‌ക്കേണ്ടിവന്ന ഗണേഷ്‌കുമാറിന് തിരികെ മന്ത്രിയാവാൻ കഴിയാതെ വന്നതിനെ തുടർന്ന് തന്നോട് അകൽച്ചയുണ്ടായിരുന്നു. 2011 മെയ് 18ന് താൻ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ തന്റെ മന്ത്രിസഭയിൽ ഗണേഷ്‌കുമാർ വനം പരിസ്ഥിതി മന്ത്രിയായിരുന്നുവെന്നും കുടുംബപരമായ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതതിനെ തുടർന്ന് ഗണേഷ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സമ്മർദ്ദം ചെലുത്തുകയും തുടർന്ന് ഗണേഷ് മന്ത്രി സ്ഥാനം രാജിവയ്ക്കുകയുമായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. പിന്നീട് പ്രശ്‌നം ഒത്തുതീർപ്പാകുകയും ഗണേഷിന് മന്ത്രിസഭയിൽ തിരികെ വരണമെന്ന് ആഗ്രഹമുണ്ടായെങ്കിലും പല കാരണങ്ങളാൽ അത് സാധിക്കാതെ പോയി. അന്ന് മുതൽ തന്നോട് ഗണേഷിന് അകൽച്ച ഉണ്ടായിരുന്നുവെന്നും മൊഴിയിൽ ചൂണ്ടിക്കാട്ടി. 
 സോളർ പാനലുകളും വിൻഡ് മിൽസും സ്ഥാപിക്കാമെന്നു പറഞ്ഞു അനവധി പേരിൽനിന്നു (പരാതിക്കാരിയും) ബിജു രാധാകൃഷ്ണനും പണം തട്ടിയെടുത്തതായി പരാതി കിട്ടി. പല ജില്ലകളിൽ നിന്നുള്ള പരാതിയായതിനാൽ ഒരു സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ വച്ച് ഇവ അന്വേഷിക്കാൻ നിയമിച്ചു. അവർ അന്വേഷിച്ച്, അവരുടെ പേരിൽ ഒട്ടേറെ കേസുകൾ റജിസ്റ്റർ ചെയ്തു. പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചു ഈ തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു.
ഈ തട്ടിപ്പുകേസിൽ പ്രതിയായ (പരാതിക്കാരി) പത്തനംതിട്ട ജില്ലാ ജയിലിൽ കിടക്കുന്ന അവസരത്തിൽ 19.07.2013 ൽ എഴുതിയ കത്തെന്നു പറഞ്ഞ് 06.06.2016 ൽ കമ്മിഷൻ മുൻപാകെ ഒരു കത്ത് ഹാജരാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് എന്നെക്കുറിച്ചും മറ്റു ചില പൊതുപ്രവർത്തകരുടെ പേരിലും കമ്മിഷൻ ചില പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ ഞാൻ ഹൈക്കോടതിയിൽ കേസ് കൊടുത്തു. അതിന്റെ വിധി 15.05.2018 ൽ വരികയുണ്ടായി. അതിൻപ്രകാരം കമ്മിഷൻ എനിക്കും മറ്റു പൊതുപ്രവർത്തകർക്കും എതിരെയുള്ള പരാമർശങ്ങൾ പൂർണമായും ഒഴിവാക്കിയെന്നും മൊഴിയിൽ വ്യക്തമാക്കി.

Latest News