മുംബൈ- കനത്ത മഴയിൽ വിമാനം ലാന്റ് ചെയ്യുന്നതിനിടെ റൺവേയിൽനിന്ന് തെന്നി. യാത്രക്കാരായ മൂന്നു പേർക്ക് പരിക്കേറ്റു. മുംബൈ വിമാനതാവളത്തിലെ റൺവേയിലാണ് സംഭവം. സ്വകാര്യവിമാനമാണ് അപകടത്തിൽ പെട്ടത്. ആറു യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് സ്വകാര്യ വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റൺവേ ഏതാനും മിനിറ്റുകൾ അടച്ചു. ഈ സമയത്ത് ഡെറാഡൂണിൽ നിന്നുള്ള വിമാനം ഗോവയിലെ മോപ എയർപോർട്ടിലേക്ക് തിരിച്ചുവിട്ടതായി വിസ്താര എയർലൈൻസ് പറഞ്ഞു. യു.കെ 865 വിമാനം വൈകിട്ട് 6.15ന് ഗോവയിൽ ഇറങ്ങും.
ബംഗളൂരു ആസ്ഥാനമായുള്ള റിയൽ എസ്‌റ്റേറ്റ് ഡവലപ്‌മെന്റ് സ്ഥാപനമെന്ന് കരുതുന്ന വി.എസ്.ആർ വെഞ്ച്വേഴ്‌സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ലിയർജെറ്റ് 45 വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് വിമാനം മുംബൈയിലേക്ക് വന്നത്. കനഡ ആസ്ഥാനമായുള്ള ബൊംബാർഡിയർ ഏവിയേഷൻ നിർമ്മിച്ച ഒമ്പത് സീറ്റുകളുള്ള സൂപ്പർലൈറ്റ് ബിസിനസ്സ് ജെറ്റാണ് ലിയർജെറ്റ് 45.