ഗാന്ധിനഗര്‍- ഗുജറാത്തിലെ ദഹോഡില്‍ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം 22കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊന്നു. മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെന്ന് സംശയിച്ചാണ് രണ്ടു യുവാക്കളേയും ആള്‍ക്കൂട്ടം പിടികൂടി മര്‍ദിച്ചതെന്ന് പോലീസ് പറയുന്നു. ആദിവാസി മേഖലയായ ദഹോഡില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 20ഓളം പേരടങ്ങുന്ന ഗ്രാമീണരാണ് ആക്രമിച്ചത്. ആരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. സംഭവമറിഞ്ഞ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും 22കാരനായ അജ്മല്‍ വഹോനിയ മര്‍ദനമേറ്റ് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്ത് ഭാരു മാത്തൂര്‍ മര്‍ദനമേറ്റ് ബോധരഹിതനായി കിടക്കുന്ന നിലയിലായിരുന്നു.
കൊലപാതകത്തിന് കേസെടുത്ത പോലീസ് പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ്. മരിച്ച അജ്മല്‍ വഹോനിയക്കെതിരെ മോഷണം, അടിപടി തുടങ്ങി 32 കേസുകളുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.