കൊച്ചി-നഗരത്തില്‍ വീണ്ടും കേബിളില്‍ കുരുങ്ങി അപകടം. കേബിള്‍ കഴുത്തില്‍ കുരുങ്ങി തെറിച്ച് വീണ ഇരുചക്ര വാഹന യാത്രക്കാരനാണ് ഗുരുതരമായി പരുക്കേറ്റത്. കൊച്ചി കോമ്പാറ മാര്‍ക്കറ്റ് റോഡില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കറുകപ്പിള്ളി സ്വദേശി ബഷീറിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (20) ആണ് അപകടത്തില്‍പ്പെട്ടത്. ഇയാളെ സ്വകാര്യാശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
പിതാവിന്റെ ചിക്കന്‍ കടയില്‍നിന്ന് ഹോട്ടലിലേക്ക് ചിക്കന്‍ എത്തിച്ച് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി തെറിച്ചുവീഴുകയായിരുന്നു. ഇര്‍ഫാന്റെ ഇടുപ്പെല്ല്, മുട്ടിന്റെ ചിരട്ട എന്നിവക്ക് സാരമായ പരുക്കുണ്ട്. അപകട സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
അപകടത്തിന് തൊട്ടുമുമ്പ് ഇതുവഴി കോണ്‍ക്രീറ്റ് മിക്സ്ചര്‍ ലോറി കടന്നുപോയിരുന്നു. അത് തട്ടിയാണ് കേബിള്‍ പൊട്ടി വീണതെന്നാണ് കരുതുന്നത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അപകടത്തിന്റെ തൊട്ടുമുമ്പ് ലോറി പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ കേസെടുത്ത സെന്‍ട്രല്‍ പോലീസ് സി സി ടി വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
പതിമൂന്നോളം സമാന അപകടങ്ങള്‍ കൊച്ചി നഗരത്തില്‍ നടന്നിട്ടുണ്ട്. നിരവധി പേരുടെ ജീവന്‍ പൊലിയുന്നതിനും കേബിള്‍ കുരുക്കുകള്‍ വഴിവെച്ചു. നഗരത്തിലെ അലക്ഷ്യമായ കേബിളുകള്‍ നീക്കണമെന്ന് ഹൈക്കോടതി വരെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫല പ്രാപ്തിയിലെത്തിയിട്ടില്ല. കേബിള്‍ സ്ഥാപിച്ച ജിയോ കമ്പനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.