ജമ്മു- ജമ്മു കശ്മീരിന്റെ വികസനം തടസ്സപ്പെടുത്താന്‍ പാക്കിസ്ഥാന്‍ വിദേശ ഭീകരരെ കടത്തിവിടാന്‍ ശ്രമിക്കുകയാണെന്ന് കരസേന ഉത്തര കമാന്‍ഡ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി. രജൗറി, പൂഞ്ച് മേഖലകളിലെ നിയന്ത്രണരേഖയില്‍ വിദേശ ഭീകരരെ ഇല്ലാതാക്കാന്‍ സൈന്യം എല്ലാ ശ്രമവും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ജഗ്തിയിലെ ഐ ഐ ടി കാംപസില്‍ നടന്ന നോര്‍ത്ത് ടെക് സിംപോസിയത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിലെ മികച്ച ആഭ്യന്തര സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണു പാക്കിസ്ഥാന്റെ ശ്രമമെന്നും സൈന്യം ശക്തമായി ഇതിനെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022ല്‍ ജമ്മു കശ്മീരില്‍ 1.88 കോടി സന്ദര്‍ശകരെത്തി. ഈ വര്‍ഷം 2.25 കോടി ആളുകളെ എത്തിക്കാനാണ് ശ്രമിക്കുന്നത്. പാകിസ്താന്‍ പുരോഗതിയുടെ യാത്ര തടയാനാണ് ശ്രമിക്കുന്നതെങ്കിലും അക്കാര്യത്തില്‍ അവരെ വിജയിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണ രേഖയില്‍ തിരിച്ചടി കിട്ടുമ്പോള്‍ പഞ്ചാബ്, നേപ്പാള്‍ വഴി ഭീകരരെ എത്തിക്കാനും പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.