- പീഡിപ്പിച്ചവരുടെ പട്ടികയിൽ ഗണേഷ്‌കുമാറിന്റെ പേര് ഉണ്ടായിരുന്നു. ഇ.പിയും സജി ചെറിയാനും വെള്ളാപ്പള്ളിയും തന്നെ വന്നുകണ്ടുവെന്നും പരാതിക്കാരിയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ.
തിരുവനന്തപുരം - സോളാർ കേസിലെ ലൈംഗികാരോപണ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് കെ.ബി ഗണേഷ് കുമാറിന്റെ നിർദേശാനുസരണം ശരണ്യ മനോജ് എഴുതിച്ചേർത്തതാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന അഡ്വ. ഫെനി ബാലകൃഷ്ണൻ. പരാതിക്കാരി നല്കി എന്നുപറയുന്നത് കത്തല്ല, പെറ്റീഷൻ ഡ്രാഫ്റ്റായിരുന്നു. ഈ ഡ്രാഫ്റ്റ് ബാലകൃഷ്ണപ്പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നും പരാതിക്കാരിയെ പീഡിപ്പിച്ചവരുടെ പേരിൽ ഗണേഷ് കുമാറിന്റെ പേര് ഉണ്ടായിരുന്നതായും ഫെനി ബാലകൃഷ്ണൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അതിജീവിതയുടേതെന്ന് പറയുന്ന കത്തിൽ ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് എഴുതിച്ചേർത്തത് ശരണ്യ മനോജാണ്. സോളാർ കേസിന്റെ തുടക്കം മുതൽ ഒടുക്കം വരെ കെ.ബി ഗണേഷ്‌കുമാറും ശരണ്യാ മനോജുമാണ് ഇതിന്റെ മുഖ്യ സൂത്രധാരന്മാരെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരിയുടെ നിർദേശപ്രകാരമാണ് കത്ത് ഗണേഷ്‌കുമാറിന്റെ പി.എ ആയ പ്രദീപിനെ ഏൽപ്പിച്ചത്. പ്രദീപും ശരണ്യ മനോജുമാണ് തന്നിൽനിന്നും പെറ്റീഷൻ ഡ്രാഫ്റ്റ് വാങ്ങിയത്. അതിനുശേഷം തന്നെ തിരിച്ചേൽപ്പിച്ച ഡ്രാഫ്റ്റിൽ ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് എഴുതി ചേർക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ പേര് എഴുതിയത് മോശമല്ലേ എന്ന് താൻ ചോദിച്ചപ്പോൾ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ഭാഗമായി മുഖ്യനെ താഴെയിറക്കാലോ എന്നാണ് മനോജ് പറഞ്ഞത്. പേര് എഴുതിച്ചേർത്തത് ഗണേഷിന്റെ നിർദേശപ്രകാരമാണെന്നും മനോജ് പറയുകയുണ്ടായി. എഴുതിച്ചേർത്ത കത്തിന്റെ ഡ്രാഫ്റ്റ് പരാതിക്കാരിയുടെ വീട്ടിൽ കൊണ്ടുപോയി അവരുടെ കൈപ്പടയിൽ എഴുതി വാങ്ങിയ ശേഷമാണ് ഉമ്മൻചാണ്ടിക്കെതിരെ വാർത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.
ലൈംഗികാരോപണത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചൂഷണം ചെയ്തു. പല രാഷ്ട്രീയക്കാരും തന്നെ സമീപിക്കുകയുമുണ്ടായി. ഇ.പി ജയരാജൻ കണ്ടു. സജി ചെറിയാൻ വീട്ടിൽ നേരിട്ടുവന്നിരുന്നു. വെള്ളാപ്പള്ളി നടേശൻ ഇന്നയാളുടെ പേര് പറയണമെന്നും ചിലരുടെ പേര് ഒഴിവാക്കണമെന്നും നിർദേശിച്ചു. അതിന് വഴങ്ങാതെ വന്നപ്പോൾ താൻ പറഞ്ഞതായി പറഞ്ഞ് വെള്ളാപ്പള്ളി വാർത്താസമ്മേളനം നടത്തിയതും ഫെനി ബാലകൃഷ്ണൻ ഓർമിപ്പിച്ചു.
കേരള കോൺഗ്രസ് ബി നേതാവും മുൻ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാർ എം.എൽ.എക്കെതിരെ സോളാർ ലൈംഗികാരോപണക്കേസിലെ പരാതിക്കാരിയും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. സോളാർ തട്ടിപ്പു കേസിൽ ജയിൽമോചിതയായ തന്നെ കെ.ബി ഗണേഷ്‌കുമാർ ആറുമാസം അദ്ദേഹത്തിന്റെ ബന്ധുവീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചുവെന്ന് യുവതി ആരോപിക്കുകയുണ്ടായി.
2014 ഫെബ്രുവരിയിലാണ് പരാതി നൽകിയ ഞാൻ ജയിലിൽ നിന്നിറങ്ങിയത്. അവിടെ നിന്ന് ഗണേഷ്‌കുമാറിന്റെ ബന്ധുവീട്ടിലേക്കാണ് എന്നെ ആദ്യം കൊണ്ടുപോയത്. ആറു മാസത്തോളം ആ വീട്ടിൽ തന്നെ തടവിൽ താമസിപ്പിച്ചത് എന്തിനായിരുന്നുവെന്ന് ഗണേഷ്‌കുമാർ തന്നെ ഉത്തരം പറയട്ടെയെന്നും യുവതി വെളിപ്പെടുത്തി. എന്തിനാണ് ആ വീട്ടിൽ താമസിപ്പിച്ചതെന്നതിന്റെ പിന്നാമ്പുറ കഥകൾ പുറത്തുപറഞ്ഞാൽ അവരുടെ മുഖം മോശമാകുമെന്നും യുവതി ആരോപിക്കുകയുണ്ടായി. പരാതിക്കാരി ആദ്യമായിട്ടാണ് ഗണേഷിനെതിരെ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയതും.
തിങ്കളാഴ്ച നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ അംഗങ്ങൾ ഗണേഷ്‌കുമാറിന്റെ പേര് പരാമർശിച്ചിരുന്നു. ഇതിന് ഗണേഷ് നൽകിയ മറുപടിയെ തള്ളുന്നത് കൂടിയാണ് യുവതിയുടെ പരാമർശം.
സോളാർ വിഷയത്തിൽ തനിക്ക് വളഞ്ഞ വഴിയിലൂടെ ഒന്നും ചെയ്യേണ്ട കാര്യമില്ലെന്നും ഉണ്ടെങ്കിൽ നേരിട്ടുതന്നെ ചെയ്യുമെന്നാണ് ഗണേഷ്‌കുമാർ സഭയിൽ പറഞ്ഞത്. ഞാൻ തുറന്ന പുസ്തകമാണെന്നും സത്യമാണ് തന്റെ ദൈവമെന്നും പറഞ്ഞ ഗണേഷ്‌കുമാർ സോളാറിൽ പരാതിക്കാരിയുടെ ആരോപണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടി അതിൽ കുറ്റക്കാരനല്ലെന്നാണ് താൻ പറഞ്ഞതെന്നും കുടുക്കണമെന്നുണ്ടെങ്കിൽ അങ്ങനെ പറയുമോ എന്നുമായിരുന്നു ചോദിച്ചത്.
എന്റെ അച്ഛൻ ബാലകൃഷ്ണപ്പിള്ള പറഞ്ഞത് ഉമ്മൻ ചാണ്ടിയെ പറ്റി ഇല്ലാത്തതാണ് പരാതിക്കാരി എഴുതിയതെന്നാണ്. ഇത് സി.ബി.ഐയോട് താനും പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് സോളാർ കേസിൽ പങ്കില്ലെന്നു തെളിയാൻ കാരണം പിണറായി വിജയനാണ്. പിണറായി കേസ് സി.ബി.ഐക്ക് വിട്ടതിനാലാണ് ഈ കേസിൽ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത്. അതിന് പിണറായി വിജയനോട് കോൺഗ്രസ് നന്ദി പറയണമെന്നും ഗണേഷ്‌കുമാർ സഭയിൽ ആവശ്യപ്പെട്ടിരുന്നു.