കൊഹിമ - നാഗാലാന്‍ഡില്‍ ബി ജെ പിയ്ക്കും ഏക സിവില്‍ കോഡ് വേണ്ട. ഏക സിവില്‍ കോഡില്‍ നിന്ന് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നാഗാലാന്‍ഡ് നിയമസഭാ പാസാക്കി. ബി ജെ പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് പ്രമേയത്തെ പിന്തുണച്ചത്. എന്‍ ഡി എ സഖ്യകക്ഷി ഭരിക്കുന്ന സംസ്ഥാനത്താണ് ഏക സിവില്‍കോഡിനെതിരെ പ്രമേയം പാസാക്കിയത്. ഈ മാസം ആദ്യം ഏക സിവില്‍ കോഡ് വിഷയത്തില്‍ ഗോത്ര സംഘടനകളുടെയും മറ്റു പാര്‍ട്ടികളുടെയും അഭിപ്രായം തേടിയിരുന്നതായി നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ പറഞ്ഞു. പ്രതിനിധികള്‍ ഏകീകൃത സിവില്‍ കോഡിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ഏക സിവില്‍ കോഡില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 22-ാമത് നിയമ കമ്മീഷന് സംസ്ഥാന മന്ത്രിസഭ നേരത്തെ തന്നെ നിവേദനം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് പരിശോധിക്കാമെന്ന് അറിയിച്ചതായും സര്‍ക്കാര്‍ സഭയില്‍ വ്യക്തമാക്കിയിരുന്നു.