മുംബൈ-എട്ടു പതിറ്റാണ്ട് മുംബൈ നഗരത്തിന്റെ മുഖമുദ്രകളില്‍ ഒന്നായിരുന്നു ചുവന്ന ഡബിള്‍ ഡെക്കര്‍ ബസ്. ബോംബെ, മുംബൈ ആകുന്നതിനു മുന്നേ തുടങ്ങിയ ഓട്ടം അവസാനിപ്പിക്കാന്‍ പോവുകയാണ് ഈ സര്‍ക്കാര്‍ വണ്ടി. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഈ ഡബിള്‍ ഡെക്കര്‍ ബസുകള്‍ മുംബൈയിലെ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് ബ്രിഹന്‍മുംബൈ ഇലക്ട്രിക്സപ്ലൈ ആന്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഈ ബസുകളില്‍ രണ്ടെണ്ണമെങ്കിലും മ്യൂസിയത്തില്‍ സൂക്ഷിക്കണം എന്നാണ് ബസ് ആരാധാകരുടേയും യാത്രക്കാരുടേയും ആവശ്യം. ഇതാവശ്യപ്പെട്ട് ഇവര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. നിലവില്‍ മൂന്നു ഓപ്പണ്‍ ഡെക് ബസുകള്‍ ഉള്‍പ്പെടെ ഏഴ് ഡബിള്‍ ഡെക്കര്‍ ബസുകള്‍ മാത്രമാണ് മുംബൈ നിരത്തുകളില്‍ ഓടുന്നത്.
ഡബിള്‍ ഡെക്കര്‍ ബസുകള്‍ സെപ്റ്റംബര്‍ 15ന് യാത്ര അവസാനിപ്പിക്കും. ഓപ്പണ്‍ ഡെക് ബസുകള്‍ ഒക്ടോബര്‍ അഞ്ചിന് സര്‍വീസ് നിര്‍ത്തും. 1937ലാണ് ഡബിള്‍ ഡെക്കര്‍ ബസുകള്‍ ആദ്യമായി ബോംബെ നിരത്തിലിറങ്ങുന്നത്. 90കളില്‍ 900 ബസുകളാണ് ഉണ്ടായിരുന്നത്. ബോളിവുഡ് സിനിമകളില്‍ ഈ ചുവന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍ സ്ഥിര സാന്നിധ്യമായി മാറി. 2008ല്‍ ബസുകളില്‍ ഭൂരിഭാഗത്തിന്റേയും സര്‍വീസ് കോര്‍പ്പറേഷന്‍ അവസാനിപ്പിച്ചു. 2023 ഫെബ്രുവരിയില്‍ ചുവന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍ക്ക് പകരം ചുവപ്പും കറുപ്പും നിറത്തിലുള്ള 25 ഇലക്ട്രിക് ഡബില്‍ ഡെക്കര്‍ ബസുകള്‍ കോര്‍പ്പറേഷന്‍ നിരത്തിലിറക്കി. എസി ബസുകളാണ് കോര്‍പ്പറേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. പഴയ ബസിന്റെ തുറന്നിട്ട ജനാലയ്ക്കരികില്‍ ഇരിക്കുന്ന സുഖം ഈ ബസുകളില്‍ കിട്ടില്ലെന്നാണ് നൊസ്റ്റാള്‍ജിയ സംഘം പറയുന്നത്.