പ്രയാഗ്‌രാജ്- വാരാണസിയിലെ ഗ്യാന്‍വാപി പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന ഹരജയില്‍ ഇരുഭാഗവും ഹാജരാകാത്തതിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി കേസ് 18 ലേക്ക് മാറ്റി. അന്ന് കൂടുതല്‍ വാദം കേള്‍ക്കും.
അഭിഭാഷകരുടെ സമരത്തെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാകറിന്റെ കോടതി കേസില്‍ വെര്‍ച്വല്‍ ഹിയറിംഗ് അനുവദിച്ചിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയുടെ മേല്‍നോട്ടം വഹിക്കുന്ന അഞ്ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹരജി നല്‍കിയത്. ജസ്റ്റിസ് പ്രകാശ് പാഡിയയുടെ കോടതിയില്‍ നേരത്തെ പരിഗണിച്ചിരുന്ന ഹരജിയാണ് നിലവില്‍ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്നത്.
കേസ് വീണ്ടും പഠിക്കാന്‍ സമയം ആവശ്യപ്പെട്ടുള്ള പള്ളി കമ്മിറ്റിയുടെ ഹരജി ചീഫ് ജസ്റ്റിസ് അംഗീകരിച്ചുകൊണ്ടാണ് കേസ് സെപ്റ്റംബര്‍ 12 ലേക്ക് മാറ്റിയിരുന്നത്. ഗ്യാന്‍വാപി പള്ളിയുടെ സര്‍വേ നടത്താനുള്ള വാരാണസി കോടതിയുടെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്യുന്ന ഹരജിയും കോടതി പരിഗണിക്കും.
ഹൈക്കോടതിയിലെ മറ്റൊരു സിംഗിള്‍ ജഡ്ജി വിഷയം ദീര്‍ഘനേരം കേട്ടതായും വിധി പറയന്നത് മാറ്റിവെച്ചതായും കഴിഞ്ഞ മാസം 28 ന് വാദം കേള്‍ക്കുന്നതിനിടെ പള്ളി കമ്മിറ്റിക്ക് വേണ്ടി പരാമര്‍ശം നടത്തിയിരുന്നു.
സിംഗിള്‍ ജഡ്ജി ബെഞ്ചിന് മുമ്പാകെ ഇരുഭാഗത്തെയും അഭിഭാഷകര്‍ ദീര്‍ഘനേരം വാദിച്ചിരുന്നുവെന്നും അതിനാല്‍, ആ ബെഞ്ച് വിധി പറയണമെന്നുമാണ് പള്ളി കമ്മിറ്റി ആവശ്യപ്പെട്ടത്.
വാദം പൂര്‍ത്തിയായിട്ടും ഒരു കേസില്‍ വിധി പുറപ്പെടുവിക്കാത്തപ്പോള്‍, കേസ് റിലീസ് ചെയ്തതായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റിസിന് 'മാസ്റ്റര്‍ ഓഫ് ദി റോസ്റ്റര്‍' ഉണ്ടെന്നും പറഞ്ഞു. ഒന്നുകില്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് അയക്കാനോ അല്ലെങ്കില്‍ കേസ് സ്വയം കേള്‍ക്കാനോ ഉള്ള അധികാരം ഹൈക്കോടതി ചീഫ് ജസ്റ്റിസിനുണ്ട്.
2021 മാര്‍ച്ച് 15 മുതല്‍ നിരവധി തവണ കേസില്‍ വിധി പറയുന്നത് മാറ്റിവെച്ച പശ്ചാത്തലത്തിലാണ് പഠിക്കാന്‍ കുറച്ചു സമയം വേണമെന്ന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടത്.