ടോക്കിയോ- 2020ല്‍ നടക്കാനിരിക്കുന്ന സമ്മര്‍ ഒളിംപിക്‌സിനുള്ള ഒരുക്കങ്ങളിലാണ് ജപ്പാന്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു. ഇവയില്‍ വേറിട്ടു നില്‍ക്കുന്നു ടോക്കിയോയിലെ ഒരു സ്‌പോര്‍ട്‌സ് ഇവന്റ്‌സ് കമ്പനിയുടെ പദ്ധതി. ഒളിംപിക്‌സിനെത്തുന്ന മുസ്ലിംകള്‍ക്കു വേണ്ടി മൊബൈല്‍ പള്ളിയാണ് യാസു പ്രൊജക്ട്‌സ് എന്ന കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ട്രക്കില്‍ ഒരുക്കിയിരിക്കുന്ന ഈ സഞ്ചരിക്കുന്ന പള്ളി ഒളിംപിക്‌സ് വേദികളിലെല്ലാം എത്തും. മുസ്ലിം സന്ദര്‍ശകര്‍ക്കു വേണ്ടിയാണ് ഇത്. ജപ്പാനില്‍ രണ്ടു ലക്ഷത്തില്‍ താഴെ മാത്രമെ മുസ്ലിം ജനസംഖ്യയുള്ളൂ. എല്ലായിടത്തും പള്ളികളുമില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗമായ ഒരു രാജ്യത്ത് മുസ്ലിം സന്ദര്‍ശകര്‍ക്ക് വേണ്ടത്ര പള്ളികളില്ലെന്നതു കണക്കിലെടുത്താണ് ഒളിംപിക്‌സ് സീസണില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കു വേണ്ടി മൊബൈല്‍ പള്ളി ഒരുക്കിയതെന്ന് യാസു പ്രൊജക്ട്‌സ് സി.ഇ.ഒ യാസുഹാരു ഇനോഇ പറയുന്നു.
ടൂര്‍ണമെന്റ് നടക്കുമ്പോള്‍ വിവിധ ഒളിംപിക്‌സ് വേദികളിലേക്ക് ഈ പള്ളി എത്തിക്കും. ഒരു തുറന്ന രാജ്യമെന്ന നിലയില്‍ തങ്ങളുടെ 'ഒമോതെനാഷി' (ജാപ്പനീസ് ആതിഥേയത്വം) എന്ന ആശയം മുസ്ലിംകളുമായി പങ്കുവയ്ക്കുന്നതിനാണ് ഈ പള്ളി ഒരുക്കിയിരിക്കുന്നതെന്ന് ഈയിടെ ഒരു അഭിമുഖത്തില്‍ ഇനോഇ പറഞ്ഞിരുന്നു. ടൊയോട്ട നഗരത്തിലെ പ്രധാന ഫുട്‌ബോള്‍ സ്റ്റേഡിയത്തിനു സമീപം ഈയാഴ്ചയാണ് ആദ്യ മൊബൈല്‍ പള്ളി കമ്പനി അവതരിപ്പിച്ചത്. ടെയോട്ട കാര്‍ നിര്‍മ്മാതാക്കളുടെ ആസ്ഥാനവും ഇവിടെയാണ്.
25 ടണ്‍ ശേഷിയുള്ള വലിയ ട്രക്കിന്റെ പിന്‍വശത്താണ് എല്ലാവിധ സാങ്കേതിക സൗകരങ്ങളും ഉപയോഗിച്ച് പള്ളി ഒരുക്കിയിരിക്കുന്നത്. പിന്‍വശത്തെ വാതില്‍ തുറന്നാല്‍ മുഖ്യ കവാടമാണ്. ട്രക്കിന്റെ ഇരുവശങ്ങളിലേക്കും മുറിയുടെ വിശാലത വര്‍ധിപ്പിക്കാന്‍ കഴിയും. പൂര്‍ണ തോതില്‍ തുറന്നാല്‍ 515 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നിസ്‌ക്കാര ഹാളായി മാറും. അംഗസ്‌നാനത്തിലുള്ള ടാപ്പുകളും വെള്ളവും അനുബന്ധമായി പുറത്താണ് ഒരുക്കിയിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് ഖത്തറിലേക്കു നടത്തിയ യാത്രയാണ് ഈ ആശയത്തിനു പിന്നിലെന്ന് ഇനോഇ പറയുന്നു. ജപ്പാനിലും വിദേശത്തും നടക്കുന്ന കായിക മത്സരങ്ങളില്‍ ഈ മൊബൈല്‍ പള്ളികള്‍ ഉപയോഗപ്പെടുത്താനും കമ്പനി ആലോചിക്കുന്നുണ്ട്.