കൊച്ചി- കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് ആന്റ് ലാബ്രഡോര്‍ പ്രവിശ്യയില്‍ തൊഴിലവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇതിനായുള്ള അഭിമുഖങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കും.
നഴ്‌സിങില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള രജിസ്റ്റേര്‍ഡ് നഴ്സ്മാര്‍ക്കാണ് അവസരം. 2015ന് ശേഷം നേടിയ ബിരുദവും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം-75 മണിക്കൂര്‍ ബൈ വീക്കിലി) അനിവാര്യമാണ്.
കാനഡയില്‍ നേഴ്‌സ് ആയി ജോലി നേടാന്‍ നാഷണല്‍ നഴ്‌സിംഗ് അസസ്‌മെന്റ് സര്‍വീസ്ല്‍ രജിസ്റ്റര്‍ ചെയ്യുകയോ നാഷണല്‍ കൗണ്‍സില്‍ ലൈസന്‍ഷര്‍ എക്‌സാമിനേഷന്‍ പാസ് ആയിരിക്കുകയോ വേണം. അഭിമുഖത്തില്‍ പങ്കെടുത്തു വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഈ യോഗ്യത നിശ്ചിത കാലയളവില്‍ നേടിയെടുത്താല്‍ മതിയാകും. അഭിമുഖ സമയത്തു ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ ഐ ഇ എല്‍ ടി എസ് ജനറല്‍ സ്‌കോര്‍ 5 അഥവാ കനേഡിയന്‍ ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷന്‍സി ഇന്‍ഡക്‌സ് പ്രോഗ്രാം ജനറല്‍ സ്‌കോര്‍ 5 ആവശ്യമാണ്.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സി വി നോര്‍ക്കയുടെ വെബ് സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. ഇതില്‍ നിലവിലുള്ളതോ മുമ്പുള്ളതോ രണ്ട് പ്രൊഫഷണല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം. ബി എസ് സി നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ്, നഴ്‌സിംഗ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക് ട്രാന്‍സ്‌ക്രിപ്റ്റ്, പാസ്‌പോര്‍ട്ട്, മോട്ടിവേഷന്‍ ലെറ്റര്‍, മുന്‍ തൊഴില്‍ ദാതാവില്‍ നിന്നുമുള്ള റഫറന്‍സിന്റെ ലീഗലൈസ് ചെയ്ത കോപ്പി എന്നിവ നോര്‍ക്ക റൂട്‌സിന്റെ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന അപ്ലോഡ് ചെയ്യേണ്ടതാണ്.
കാനഡയില്‍ രജിസ്റ്റേര്‍ഡ് നേഴ്‌സ് ആയി ജോലി നേടുന്നതിനാവശ്യമായ ലൈസന്‍സുകള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഉദ്യോഗാര്‍ഥി വഹിക്കേണ്ടതാണ്. ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പ്രസ്തുത തുക റീലൊക്കേഷന്‍ പാക്കേജ് വഴി തിരികെ ലഭിക്കുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്.