Sorry, you need to enable JavaScript to visit this website.

നിപ; കേന്ദ്ര സംഘം ഉടനെ കേരളത്തിലെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

- സംശയമുള്ള നാല് സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി കാത്തിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് 
ന്യൂഡൽഹി - 
കോഴിക്കോട്ട് നിപ റിപോർട്ട് ചെയ്ത സാഹചര്യത്തിൽ വിദഗ്ധ കേന്ദ്രസംഘം ഉടനെ കേരളത്തിലെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. കേരള ആരോഗ്യമന്ത്രി വീണാ ജോർജുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. കേന്ദ്ര സംഘം ഉടനെ കേരളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
 2018-ൽ 17 പേരുടെ ജീവനെടുത്ത നിപ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപത്ത് തന്നെയുള്ള മരുതോങ്കര പഞ്ചായത്തിലെ 49-കാരനും ആയഞ്ചേരി പഞ്ചായത്തിലെ 40-കാരനുമാണ് നിപ രോഗലക്ഷണങ്ങളോടെ ഒരാഴ്ചക്കിടെ മരിച്ചത്. മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ഭാര്യ സഹോദരനും സഹോദരന്റെ പത്ത് മാസമുള്ള കുട്ടിയും നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ 28ന് കടുത്ത പനിയും ന്യൂമോണിയയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച ഇയാൾ രണ്ട് ദിവസത്തിന് ശേഷം ആഗസ്ത് 30ന് മരിക്കുകയായിരുന്നു. ഇയാളുമായി നേരിട്ട് ബന്ധമില്ലാത്ത വടകര ആയഞ്ചേരി സ്വദേശിയായ 40-കാരനെ ഇന്നലെ വൈകിട്ടാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഏറെ വൈകും മുമ്പെ ഇയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഇയാളുടെ  പരാശോധനാ ഫലമാണ് ഇന്ന് നിപ വൈറസ് മൂലമാണെന്ന് കേന്ദ്രമന്ത്രി സ്ഥിരീകരിച്ചത്. എന്നാൽ പൂനെയിലെ െൈേെവാളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും കോഴിക്കോട്ട് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
 കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതിൽ ആദ്യം മരിച്ച ആളുടെ ഒൻപത് വയസുള്ള കുട്ടി വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. നാലുവയസുള്ള കുട്ടിയുടെ നില ഗുരുതരമാണെങ്കിലും അതീവ ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25 വയസ്സുകാരന്റെ നില തൃപ്തികരമാണ്. കോഴിക്കോട് മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണിപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മരിച്ച മറ്റൊരു വ്യക്തിയുടെ ഭാര്യ ഐസൊലേഷനിലാണ്. 
  നിപ സംശയം ഉയർന്നതിന് പിന്നാലെ, മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യപ്രവർത്തകർ ഊർജിതമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രവർത്തകർ ഇന്ന് രാവിലെ മുതലെ ഫീൽഡ് സർവ്വെയിലാണ്. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്. നിപ പ്രോട്ടോകോൾ നടപടികളിലേക്ക് നീങ്ങാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. അതിനിടെ, സംശയമുള്ള നാല് സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി കാത്തിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

Latest News