ബംഗളുരു- പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ രാജ്യം ഭരിച്ച ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന ആയിരത്തിലേറെ റോക്കറ്റുകളും ഷെല്ലുകളും മറ്റു വെടിക്കോപ്പുകളും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. കര്‍ണാടകയിലെ ഷിവമൊഗ്ഗ ജില്ലയില്‍ ബിഡനൂരു കോട്ടയിലെ ഒരു പഴയ കിണറില്‍ നിന്നാണ് ഇവ ഉദ്ഖനനം ചെയ്‌തെടുത്തത്. വെള്ളം വറ്റി ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ ഈ ആയുധങ്ങള്‍ ശേഖരിച്ചു വച്ച നിലയിലായിരുന്നുവെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ശേജേശ്വര നായക പറഞ്ഞു. 2002ല്‍ ഇവിടെ നിന്ന് യാദൃശ്ചികമായി തുരുമ്പു പിടിച്ച് ദ്രവിച്ച 160 റോക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. ഇവ പിന്നീട് വിശദമായ പഠനങ്ങള്‍ക്കു വിധേയമാക്കി ടിപ്പുവിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന റോക്കറ്റുകളാണെന്ന് 2007ലാണ് സ്ഥിരീകരിച്ചത്. പിന്നീട് പുരാവസ്തു വകുപ്പ് പ്രദേശക്ക് കൂടുതല്‍ ഉദ്ഖനനം നടത്തുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച വന്‍ റോക്കറ്റു ശേഖരം കണ്ടെത്തിയത്.
വരണ്ട കിണറിലെ ചെളിയില്‍ വെടിമരുന്നിന്റെ ഗന്ധം തിരിച്ചറിഞ്ഞാണ് കിണറ്റില്‍ ഉദ്ഖനനം നടത്താന്‍ പുരാവസ്തു ഗവേഷകരെ പ്രേരിപ്പിച്ചത്. റോക്കറ്റുകളും ഷെല്ലുകളും കൂട്ടിയിട്ട നിലയിലായിരുന്നു. പൊട്ടാസ്യം നൈട്രേറ്റ്, ചാര്‍ക്കോള്‍, മഗ്നീഷ്യം പൊടി എന്നിവ ഇവയില്‍ നിറച്ച നിലയിലായിരുന്നു. പുരാവസ്തു ഗവേഷകര്‍, ഉദ്ഖനന വിദഗ്ധര്‍, തൊഴിലാളികള്‍ എന്നിവരടങ്ങുന്ന 15 അംഗ സംഘമാണ് ഇവ കുഴിച്ചെടുത്തത്. ബുധനാഴ്ച തുടങ്ങിയ ഉദ്ഖനനം ശനിയാഴ്ച വരെ നീണ്ടു. ഈ ആയുധ ശേഖരം ശിവമൊഗ്ഗയിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.
ബ്രിട്ടീഷുകാര്‍ക്കെതിരായ നിരവധി യുദ്ധങ്ങളില്‍ റോക്കറ്റ് ഉപയോഗിച്ച് ടിപ്പു അവരുടെ കടന്നുകയറ്റങ്ങളെ തടഞ്ഞിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. 1750 മുതല്‍ 1799 വരെയായിരുന്നു മൈസൂര്‍ നാട്ടുരാജ്യം ടിപ്പു ഭരിച്ചത്. പലതവണ ബ്രിട്ടീഷ് സേനയെ തോല്‍പ്പിച്ച ടിപ്പു 1799ല്‍്്്്്്്് മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്തു വച്ച് ബ്രിട്ടീഷുകാരാല്‍ കൊല്ലപ്പെടുകയായിരുന്നു.