ന്യൂഡൽഹി - തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് കേരള ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രിംകോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കേസ് തുടരാൻ അനുവദിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ ബാബു നൽകിയ ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്. ഹരജിക്കാരന്റെ സ്‌റ്റേ ആവശ്യത്തിൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയിലെ നടപടിക്രമങ്ങൾ തുടരാമെന്ന് സുപ്രിംകോടതി അറിയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ ബാബു അയ്യപ്പന്റെ പേരിൽ വോട്ട് പിടിച്ചുവെന്ന് ആരോപിച്ചാണ് എതിർ സ്ഥാനാർത്ഥിയായിരുന്ന സി.പി.എമ്മിലെ എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ് വിതരണം ചെയ്തതടക്കമുള്ള ആരോപണങ്ങൾ ഉയർത്തി ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നായിരുന്നു എം സ്വരാജിന്റെ വാദം. ഈ ഹരജി നിലനിൽക്കുമെന്ന് മാർച്ചിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് അഭിഭാഷകൻ റോമി ചാക്കോ മുഖേന കെ ബാബു സുപ്രിംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കേസുകളിലെ ഹരജികളിലുണ്ടാകുന്ന കാലതാമസം നീതിനിഷേധത്തിന് ഇടയാക്കുന്നുവെന്ന് എം സ്വരാജിനായി ഹാജറായ അഭിഭാഷകൻ പി.വി ദിനേഷ് ചൂണ്ടിക്കാട്ടി. കെ ബാബുവിന്റെ ഹരജിയിൽ സുപ്രിംകോടതി പിന്നീട് വിശദ വാദം കേൾക്കുമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധാ ബോസ്, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.