തൃശൂര്‍ - കേരളത്തില്‍ ഐ എസ് മോഡല്‍ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമമെന്ന് എന്‍ ഐ എയുടെ കണ്ടെത്തല്‍. പെറ്റ് ലവേര്‍സ് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാന്‍ ശ്രമിച്ചതെന്നാണ് എന്‍ ഐ എ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദിനെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തു. നബീലാണ് ഐ എസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം കൊടുത്തതെന്നാണ് എന്‍ ഐ എയുടെ ആരോപണം. ഐ എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതി. ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും പണത്തിനായി തൃശൂരും പാലക്കാടുമുള്ള ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ഇവര്‍ പദ്ധതിയിട്ടതായി എന്‍ ഐ എ പറയുന്നു. ഖത്തറില്‍ നിന്നാണ് നബീല്‍ ഐ.എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നാണ് നബീലിനെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകും എന്നാണ് സൂചന.