ന്യൂദല്‍ഹി- അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന വിധിക്ക് മുന്‍കാല പ്രബല്യം നല്‍കി സുപ്രിം കോടതി. ഭരണഘടനാ ബെഞ്ചാണ് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റ് അഴിമതി കേസില്‍ രേഖപ്പെടുത്താന്‍ കേന്ദ്രത്തിന്റെ അനുമതി വേണമെന്ന ദല്‍ഹി പോലീസ് ആക്ടിലെ വകുപ്പ് 2014 മെയ് മാസമാണ് സുപ്രിം കോടതി എടുത്തുകളഞ്ഞത്. ഇതിന്റെ മുന്‍കാല പ്രാബല്യം സംബന്ധിച്ചാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തത വരുത്തിയത്.
വിധിക്കു മുന്‍പ് നടന്ന അറസ്റ്റുകള്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് സുപ്രിം കോടതി വീണ്ടും പരിശോധന നടത്തിയത്. വിധി വരുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ നടന്ന അറസ്റ്റുകള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.