ലണ്ടന്‍- ഹീത്രൂ വിമാനത്താവളത്തില്‍ ലഗേജുകള്‍ കുമിഞ്ഞുകൂടുമ്പോള്‍, വിദേശ യാത്ര കഴിഞ്ഞെത്തുന്നവര്‍ തങ്ങളുടെ ലഗേജുകള്‍ക്കായി നെട്ടോട്ടം ഓടുകയാണ്. ടെര്‍മിനല്‍ 4 ല്‍ കണ്ടെത്താനായത് ആയിരക്കണക്കിന് സ്യുട്ട്കേസുകളുടെ കൂമ്പാരമാണ്. യാത്രക്കാര്‍ അതിന് ചുറ്റും നടന്ന അവരവരുടെ സ്യുട്ട്കേസുകള്‍ക്കായി തിരയുകയാണ്. സ്‌കൂള്‍ അവധി കഴിഞ്ഞതോടെ തിരക്കേറിയ വിമാനത്താവളത്തില്‍ നിരവധിപേര്‍ ഒരുമിച്ച് വന്നിറങ്ങിയതാണ് പ്രതിസന്ധിയ്ക്കു കാരണം. ബോര്‍ഡര്‍ ഫോഴ്സിനു മുന്‍പില്‍ സെക്യുരിറ്റി ക്ലിയറിംഗിനായി നീണ്ട ക്യു ഉണ്ടായിരുന്നതായും, അത് ലഗേജുകള്‍ ശേഖരിക്കുന്നതില്‍ കാലതാമസം വരുത്തിയതായും മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, ജയില്‍ ചാടിയ ഭീകരന്‍ ഡാനിയല്‍ ഖാലിഫിനെ തിരയാന്‍ സുരക്ഷാ നടപടി ക്രമങ്ങള്‍ വര്‍ദ്ധിപ്പിച്ചതും കാലതാമസത്തിന് ഇടയാക്കി.
കഴിഞ്ഞമാസം യു കെ നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസില്‍ ചില സാങ്കേതിക പിഴവുകള്‍ ഉണ്ടായതിനാല്‍ ഓഗസ്റ്റ് ബാങ്ക് ഹോളിഡെ വാരാന്ത്യത്തില്‍ യാത്രക്ക് മുതിര്‍ന്നവര്‍ക്ക് ഏറെ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടതായി വന്നു. എല്ലാ യു കെ വിമാനത്താവളങ്ങളിലുമായി ഈ സാങ്കേതിക പിഴവു കാരണം 790 ഡിപ്പാര്‍ച്ചറുകളും 785 അറൈവലുകളും റദ്ദാക്കപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊട്ടടുത്ത ദിവസം മറ്റ് 300 വിമാനസര്‍വീസുകളെയും ഇത് ബാധിച്ചു.ഏകദേശം 2 ലക്ഷം പേരുടെ യാത്രാ പരിപാടികളാണ് താറുമാറായത്. നാഷണല്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ചുമതലയുള്ള നാറ്റ്സ് പിന്നീട് പിഴവ് കണ്ടെത്തി പരിഹരിച്ചുവെങ്കിലും അതിനോടകം തന്നെ നിരവധി യാത്രക്കാര്‍ ക്ലേശങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു. ഇതെല്ലാം, വിമാനത്താവളത്തില്‍ ലഗേജുകള്‍ കുമിഞ്ഞുകൂടാന്‍ ഇടയാക്കിയിട്ടുണ്ട്.