സര്‍ക്കാര്‍ ഭൂമിയില്‍ ഗണപതി പൂജക്ക് അനുമതി  നല്‍കി കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത-കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഗണപതി പൂജക്ക് അനുമതി നല്‍കി കൊല്‍ക്കത്ത ഹൈക്കോടതി. ജീവിക്കാനുള്ള അവകാശത്തില്‍ മതപരമായ ഉത്സവങ്ങള്‍ ആഘോഷിക്കാനുള്ള അവകാശവും ഉള്‍പ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സബ്യാസാച്ചി ഭട്ടാജാര്യയുടെ ബെഞ്ച് അനുമതി നല്‍കിയത്..
ആര്‍ട്ടിക്കിള്‍ 21 പ്രകാരമാണ് അനുമതി. ഹിന്ദുക്കളുടെ ആഘോഷമായ ദുര്‍ഗാപൂജ പ്രസ്തുത ഭൂമിയില്‍ നടത്താമെങ്കില്‍ മറ്റു മതങ്ങളുടെയോ അതേ മതത്തിന്റെയോ ആഘോഷം നടത്തുന്നത് തടയേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. ദുര്‍ഗാപൂജ അര്‍ധമതേതര ഉത്സവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നടത്താന്‍ അനുമതി നല്‍കിയത്. ഗണേശ് പൂജക്ക് ഇതില്‍നിന്ന് എന്താണ് വ്യത്യാസമെന്ന് കോടതി ചോദിച്ചു.സര്‍ക്കാര്‍ പരിപാടികള്‍ക്കോ ദുര്‍ഗാപൂജക്കോ മാത്രമേ ഗ്രൗണ്ട് വിട്ടുതരാനാകൂ എന്നായിരുന്നു അതോറിറ്റിയുടെ നിലപാട്.അസന്‍സോള്‍ ദുര്‍ഗാപൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഉടസ്ഥതയിലുള്ള ഭൂമിയില്‍ ഗണേശ് പൂജക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ പരിപാടികളെ ദുര്‍ഗാപൂജയുമായി താരതമ്യപ്പെടുത്തുന്നതാണ് ഏറ്റവും വലിയ അസംബന്ധം.
സര്‍ക്കാര്‍ പരിപാടികളില്‍ ദുര്‍ഗാപൂജയുമായി താരതമ്യപ്പെടുത്താവുന്ന ഒന്നുമില്ല. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിപാടികള്‍ക്കൊപ്പം ദുര്‍ഗാപൂജക്കും പ്രസ്തുത ഗ്രൗണ്ടില്‍ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ മറ്റു മതപരമായ പരിപാടികള്‍ക്ക് അനുമതി നിഷേധിക്കേണ്ട കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest News