Sorry, you need to enable JavaScript to visit this website.

ബാങ്ക് അക്കൗണ്ട് തുടങ്ങിയതിന് 3000 രൂപ പ്രതിഫലം; കോഴിക്കോട്ട് വിദ്യാർത്ഥികളെ കരുവാക്കി ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്  

കോഴിക്കോട് - മലയാളി വിദ്യാർത്ഥികളെ കരുവാക്കി കോഴിക്കോട് ജില്ലയിൽ അന്തർ സംസ്ഥാന സംഘത്തിന്റെ ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ്. ബാങ്ക് അക്കൗണ്ട് എടുത്തുനൽകിയതിന് മൂവായിരം രൂപ വീതം പ്രതിഫലം നൽകിയ ശേഷമാണ് സംഘം ഇവരുടെ അക്കൗണ്ട് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയത്.
 കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത എളേറ്റിൽ വട്ടോളി സ്വദേശികളായ നാല് ഐ.ടി.ഐ വിദ്യാർത്ഥികളാണ് തട്ടിപ്പിൽ അകപ്പെട്ടത്. പുതിയൊരു സന്നദ്ധ സംഘടനയുടെ സാമ്പത്തിക ഇടപാടിനായാണ് അക്കൗണ്ടെന്നും സംഘടനയിൽ ജോലി കിട്ടുമെന്നും പറഞ്ഞാണ് വട്ടോളി സ്വദേശിയായ ഒരു യുവാവ് സമീപവാസികളായ നാലു വിദ്യാർത്ഥികളെ ഐ.സി.ഐ.സി.ഐ ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ചത്. ഇവർക്ക് അക്കൗണ്ട് എടുത്തുനൽകിയതിന് 3000 രൂപ വീതം പ്രതിഫലം നൽകിയ തട്ടിപ്പുസംഘം വിദ്യാർത്ഥികളുടെ അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കുന്ദമംഗലം ശാഖയിലെടുത്ത അക്കൗണ്ടുകൾ വഴിയാണ് 24 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതെന്ന് രാജസ്ഥാൻ പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
 ഓൺലൈൻ വഴി തട്ടിയെടുത്ത ലക്ഷക്കണക്കിന് രൂപ വിദ്യാർത്ഥികളുടെ ഈ അക്കൗണ്ടുകൾ വഴി കൈമാറ്റം ചെയ്തതായാണ് രാജസ്ഥാനിലെ കോട്ട പോലീസിന്റെ കണ്ടെത്തൽ. രാജസ്ഥാനിൽനിന്നും പോലീസ് കോഴിക്കോട്ടെത്തിയപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് അറിഞ്ഞതെന്നും പിന്നീട് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ബാങ്കിൽനിന്നെടുത്ത് പരിശോധിച്ചപ്പോഴാണ് അക്കൗണ്ട് മുഖേന വൻ ഇടപാടുകൾ നടന്നത് മനസ്സിലായതെന്നും അക്കൗണ്ട് എടുത്ത വിദ്യാർത്ഥികൾ പ്രതികരിച്ചു.
 ഇതിൽ ഒരു വിദ്യാർത്ഥിക്ക് പശ്ചിമ ബംഗാൾ പോലീസിൽ അന്വേഷണത്തിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസും ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇവരുടെ രക്ഷിതാക്കൾ താമരശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നല്കിയിട്ടുണ്ട്. അതിനിടെ, പോലീസ് സൈബർ വിഭാഗത്തിന്റെ നിർദേശപ്രകാരം വിദ്യാർത്ഥികളിൽ ഒരാളുടെ അക്കൗണ്ട് ഐ.സി.ഐ.സി.ഐ ബാങ്ക് മരവിപ്പിച്ചിട്ടുമുണ്ട്. രക്ഷിതാക്കളുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടന്നുവരികയാണെന്ന് താമരശ്ശേരി ഡിവൈ.എസ്.പി പ്രതികരിച്ചു.


 

Latest News