കോഴിക്കോട് - പ്രവർത്തകർ ഐക്യത്തോടെ മുന്നേറണമെന്നും ശൈഥില്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് പിന്നാലെ പോയി ശൈഥില്യമുണ്ടാക്കരുതെന്നും നിക്ഷിപ്ത താല്പര്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഒരിക്കലും ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്തയിലെ ഭിന്നസ്വരങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന ചർച്ചയുടെയും സി.പി.എം സഹകരണത്തെച്ചൊല്ലിയും മറ്റുമുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായ പശ്ചാത്തലത്തിലാണ് ജിഫ്രി തങ്ങളുടെ പ്രസ്താവന.
നേതൃസംഗമത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് ജനറൽസെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ, ട്രഷറർ പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി അബ്ദുറഹിമാന് മുസ്ലിയാർ, വാക്കോട് മൊയ്തീൻകുട്ടി മുസ്ലിയാർ, എം.പി മുസ്തഫൽ ഫൈസി, എൻ അബ്ദുല്ല മുസ്ലിയാർ, പി.എം അബ്ദുസ്സലാം ബാഖവി, ഒളവണ്ണ അബൂബക്കർ ദാരിമി, പോഷക സംഘടനാ നേതാക്കളായ സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, കെ.പി.പി തങ്ങൾ, എസ് സഈദ് മുസ്ലിയാർ, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, യു മുഹമ്മദ് ശാഫി ഹാജി, കെ.കെ ഇബ്റാഹീം മുസ്ലിയാർ, എം.എച്ച് മുഹ്യുദ്ദീൻ ഹാജി, സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ പ്രസംഗിച്ചു.