റായ്ഗഡ്- മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. വാരാന്ത പിക്‌നിക്കിനായി പുറപ്പെട്ട വിദ്യാര്‍ഥികളും അധ്യാപകരം സഞ്ചരിച്ച ബസാണ് മുംബൈ-ഗോവ ഹൈവേയില്‍നിന്ന് കൊക്കയിലേക്ക് പതിച്ചത്. ബസിലുണ്ടായിരുന്ന 34 പേരില്‍ 33 പേരും മരിച്ചു. പ്രകാശ് സാവന്ത് ദേശായിയാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മുംബൈയില്‍നിന്ന് 175 കി.മീ അകലെ പൊലാദ്പുരില്‍ ബസ് താഴേക്ക് വീണപ്പോള്‍ പിടികിട്ടിയ മരക്കൊമ്പുകളില്‍ മാറി മാറി പിടിച്ചാണ് താന്‍ രക്ഷപ്പെട്ടതെന്ന് ദേശായി പറഞ്ഞു.
ബസ് ചെളിയില്‍ തെന്നി താഴേക്ക് വീണുവെന്നാണ് തോന്നിയത്. കിട്ടയ മരക്കൊമ്പുകളിലെല്ലാം പിടിച്ചാണ് താഴെ അത്തിയത്- രത്‌നഗിരിയിലെ ഡോ.ബാലാസാഹെബ് സാവന്ത് കൊങ്കണ്‍ കൃഷി വിദ്യാപീഠത്തില്‍ അസി. ഡയരക്ടറായ സാവന്ത് ദേശായി പറഞ്ഞു. ഇവിടത്തെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് വാരാന്ത പിക്‌നിക്കിനു പോകുമ്പോള്‍ അപകടത്തില്‍ പെട്ടത്.
കൊക്കയില്‍നിന്ന് ദേശായി നടന്ന് മുകളിലെത്തിയ ശേഷമാണ് രാവിലെ പത്തരയോടെ ഉണ്ടായ അപകടം പോലീസിലും യൂനിവേഴ്‌സിറ്റിയിലും അറിയിച്ചത്. മൊബൈല്‍ റെയ്ഞ്ച് കിട്ടാന്‍ 500 അടിയെങ്കിലും കയറിയിട്ടുണ്ടാകുമെന്ന് ദേശായി പറഞ്ഞു. മുകളിലേക്കുള്ള റോഡില്‍ എത്തിയപ്പോഴാണ് റെയ്ഞ്ച് കിട്ടിയതും പോലീസിലേക്ക് വിളിച്ചതും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘങ്ങളും മറ്റു രക്ഷാപ്രവര്‍ത്തകരും മണിക്കൂറുകളെടുത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
അധ്യാപകരും വിദ്യാര്‍ഥികളും സത്താറ ജില്ലയിലെ മഹാബലേശ്വറിലേക്ക് വിനോദയാത്ര പോകുമ്പോഴായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം അറിയിച്ചു.