കരുവാരകുണ്ട് - കൃഷിഫാമിലെ കാവലിനായി വളര്‍ത്തിയിരുന്ന രണ്ടു നായ്ക്കളെ കടുവ പിടിച്ചുവെന്ന് കാവല്‍ക്കാരന്റെ മൊഴി. കരുവാരകുണ്ട് തുരുമ്പുട സി.ടി എസ്റ്റേറ്റിനു സമീപത്തുള്ള കൃഷിഫാമിലെ വളര്‍ത്തു നായ്ക്കളെയാണ് കഴിഞ്ഞദിവസം രാത്രി കടുവ പിടിച്ചത്. തരിശ് മുക്കട്ടയിലെ ചുണ്ടന്‍പറ്റ ഷൗക്കത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. ഫാമില്‍ ഝാര്‍ഖണ്ഡ് സ്വദേശി ബംഗ്ലാദാസ് ആണ് താമസിക്കുന്നത്.
കൃഷിപ്പണിയും മേല്‍നോട്ടം വഹിക്കലും ബംഗ്ലാദാസാണ്. പട്ടികളുടെ കരച്ചില്‍ കേട്ടു പുറത്തേക്ക് നോക്കിയപ്പോഴാണ് കടുവ, നായ്ക്കളെ പിടികൂടുന്നതു കണ്ടത്. പട്ടികളെ കടിച്ചുകൊണ്ടുപോയ ഭാഗത്തേക്ക് ഭയം കാരണം പോയി നോക്കിയില്ലെന്നും ബംഗ്ലാദാസ് പറഞ്ഞു. രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് രണ്ടു നായ്ക്കളെയും കാണാതായതായി കാവല്‍ക്കാരന്‍ മനസിലാക്കുന്നത്. ഒരു നായയെ പിടിച്ചുകൊണ്ടുപോകുന്നതാണ് കണ്ടതെന്നും മറ്റൊരു നായയെ നേരത്തെ കൊണ്ടുപോയിട്ടുണ്ടാകാമെന്നുമാണ് ബംഗ്ലാദാസ് പറയുന്നത്. കരുവാരകുണ്ട് കുണ്ടോട, മണലിയമ്പാടം, മഞ്ഞളാംചോല, ചേരിപ്പടി, കരിങ്കോണി ഭാഗങ്ങളില്‍ മുമ്പും കടുവയുടെ ശല്യം ഉണ്ടായിട്ടുണ്ട്. ആടുകളെയും നായ്ക്കളെയും കടുവകള്‍ ഭക്ഷണമാക്കിയിട്ടുണ്ട്. കുണ്ടോടയില്‍ പോത്തുകളെയും കടുവ കൊന്നുതിന്നിരുന്നു. നാട്ടുകാരുടെയും കൃഷിക്കാരുടെയും പരാതിയെത്തുടര്‍ന്ന് വനം വകുപ്പധികൃതര്‍ കടുവയെ പിടികൂടുന്നതിനു കെണി സ്ഥാപിച്ചിരുന്നുവെങ്കിലും കെണിയുടെ സമീപത്തെത്തി കടുവ മടങ്ങുകയാണ് അന്ന് ചെയ്തത്. കടുവയെ കൂടാതെ മറ്റു വന്യമൃഗങ്ങളുടെയും ശല്യം മലയോരത്ത് സ്ഥിരമാണ്.
വന്യമൃഗങ്ങളുടെ ശല്യത്തില്‍നിന്നു കര്‍ഷകരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കണമെന്ന് നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യമാണ്. രണ്ടു വര്‍ഷം മുമ്പ് നാല് കടുവകളെ കരുവാരകുണ്ടിന്റെ മലയോര മേഖലയില്‍ കണ്ടിരുന്നതായി കര്‍ഷക തൊഴിലാളികള്‍ പറഞ്ഞിരുന്നു. മേഖലയില്‍ കടുവ സാന്നിധ്യമൂലം രാവിലെ റബര്‍ ടാപ്പിംഗിന് പോകുന്ന തൊഴിലാളികളും ഭീതിയിലാണ്. കടുവകളെ പിടികൂടി നാട്ടുകാരുടെ ഭീതിയകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.