ലഖ്നൗ - ട്രെയിനില്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ചതിന് പാമ്പാട്ടികള്‍ക്ക് പണം നല്കാന് യാത്രക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ട്രെയിനിനുള്ളില്‍ പാമ്പുകളെ തുറന്ന് വിട്ടു. ഹൗറയില്‍ നിന്ന് ഗ്വാളിയോറിലേക്കുള്ള ചമ്പല്‍ എക്സ്പ്രസില്‍ ജനറല്‍ കോച്ചിലാണ് സംഭവം നടന്നത്. അഞ്ചു പാമ്പുകളെയാണ് ട്രെയിനിനുള്ളിലെ ഒരു കോച്ചിലേക്ക് ഇവര്‍ തുറന്നു വിട്ടത്. പാമ്പുകളെ പ്രദര്‍ശിപ്പിച്ച് പണം ചോദിച്ചപ്പോള്‍ ചില യാത്രക്കാര്‍ സംഭാവന നല്കാന് മടിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് യാത്രക്കാരെ ഭയപ്പെടുത്തുന്നതിന് വേണ്ടി കൂടകളില്‍ സൂക്ഷിച്ചിരുന്ന പാമ്പുകളെ ഇവര്‍ കോച്ചിനുള്ളിലേക്ക് തുറന്നു വിടുകയായിരുന്നുവത്രെ. ഉത്തര്‍പ്രദേശിലെ മഹോബയ്ക്ക് സമീപം ട്രെയിന്‍ എത്തിയപ്പോഴാണ് സംഭവം. ആളുകള്‍ പരിഭ്രാന്തരായതോടെ യാത്രക്കാരില്‍ ചിലര്‍ റെയില്‍വേ കണ്ട്രോളര് റൂമില്‍ വിവരമറിയിച്ചു. എന്നാല്‍, ട്രെയിന്‍ തൊട്ടടുത്ത സ്റ്റേഷനില്‍ എത്തുന്നതിനു മുന്‍പായി പാമ്പാട്ടികള്‍ ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു എന്നും പറയുന്നു. തൊട്ടടുത്ത സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ കോച്ചിനുള്ളില്‍ കയറി പരിശോധന നടത്തിയെങ്കിലും പാമ്പുകളെ ഒന്നും കണ്ടെത്താനായില്ല. കോച്ചിലെ മുഴുവന്‍ യാത്രക്കാരെയും മറ്റൊരു കോച്ചിലേക്ക് മാറ്റിയതിനുശേഷം ആണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. കണ്ടാലറിയാവുന്ന പാമ്പാട്ടികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.