കോഴിക്കോട്- ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ വെല്ലുവിളിച്ച് സിനിമ സംവിധായകൻ രാമസിംഹൻ. 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ കണക്ക് ചോദിച്ചതിനുള്ള മറുപടിയിലാണ് രാമസിംഹൻ കെ. സുരേന്ദ്രനെ വെല്ലുവിളിച്ചത്. സിനിമയുടെ കണക്കു സംബന്ധിച്ച് ബി.ജെ.പി നേതാക്കൾ ചോദിച്ച സംശയം തീർത്തുതരാമെന്നും സുരേന്ദ്രന് ഇതിന് ആവശ്യമായ വ്യക്തികളെ നിയോഗിക്കാമെന്നും രാമസിംഹൻ പറഞ്ഞു.
രാമസിംഹന്റെ വെല്ലുവിളി:
കേരള ബിജെപി പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ മുൻപാകെ വയ്ക്കുന്ന അപേക്ഷ. 1921 പുഴമുതൽ പുഴ വരെയുടെ കണക്ക് സംബന്ധിച്ചു ബിജെപി നേതാക്കൾ പ്രകടിപ്പിച്ച സംശയം സംബന്ധിച്ചു പരിശോധിക്കാൻ ശ്രീ. സുരേന്ദ്രൻ നിശ്ചയിക്കുന്ന ഏതൊരു വ്യക്തിയെയും അദ്ദേഹത്തിന്റെ അനുവാദ പത്രത്തോടെ ക്ഷണിക്കയാണ്. മുഴുവൻ ബാങ്ക് ഡീറ്റെയിൽസ്, തീയറ്ററിൽ വന്ന പണം എന്നിവ സംബന്തിച്ച ജി.എസ്.ടി രേഖകൾ അടക്കം പരിശോധിക്കാൻ നൽകാൻ തയ്യാറാണ്. അതിനോടൊപ്പം എന്റെ വീട് സംബന്ധിച്ച ലോൺ എത്രയെന്നും ആരാണ് ലോൺ അടയ്ക്കുന്നതെന്ന രേഖകളും നൽകാൻ തയ്യാറാണ്.
വരുന്ന തീയ്യതി ആര് വരുന്നു എന്ന് പരസ്യമായി അറിയിക്കണം. അതല്ല എങ്കിൽ ബിജെപി യാണ് കേന്ദ്രം ഭരിക്കുന്നത്, ഭരണകൂട സംവിധാനമെങ്കിൽ അങ്ങിനെ. അതിനുള്ള പരാതി അവർക്ക് നൽകുക നിങ്ങൾ തന്നെ ആ കണക്ക് നിങ്ങളുടെ സംശയമുള്ള നേതാക്കൾക്ക് നൽകണം എന്നും അറിയിക്കുന്നു.
സസ്നേഹം
രാമസിംഹൻ
നിങ്ങളുടെ ഭാഷയിൽ കോയ. മടിയിൽ കനമല്ല കുറേ ബാധ്യതകളാണ് എന്ന് നിങ്ങൾ തന്നെ പുറത്തറിയിക്കൂ