ഹൈദരാബാദ്- മണിക്കൂറുകള്‍ നീണ്ട സസ്‌പെന്‍സിന് ശേഷം ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിനെ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അഴിമതി കേസില്‍ ശേഷം 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. രാജമുണ്ട്രി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
നായിഡുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സിഐഡിക്ക് വേണ്ടി കേസ് വാദിച്ച അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി.സുധാകര്‍ റെഡ്ഡി കോടതിയില്‍ ബോധിപ്പിച്ചു.
പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഗവര്‍ണറില്‍ നിന്ന് സിഐഡി അനുമതി വാങ്ങിയിരുന്നില്ലെന്ന് നായിഡുവിന് വേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര വാദിച്ചു. ഐപിസി 409 (പൊതുപ്രവര്‍ത്തകന്റെ ക്രിമിനല്‍ വിശ്വാസ ലംഘനം) പ്രയോഗത്തില്‍ വരുത്താന്‍ ഒരു കാരണവുമില്ലെന്നും നായിഡുവിന്റെ അഭിഭാഷകന്‍ വാദിച്ചു.
ടിഡിപി അധ്യക്ഷന്‍ തന്നെയാണ് ജഡ്ജിക്ക് മുന്നില്‍ മൊഴി നല്‍കിയത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതിനാല്‍ സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും നായിഡു ആരോപിച്ചു. 2015-16 ലെ സംസ്ഥാന ബജറ്റില്‍ നൈപുണ്യ വികസന പദ്ധതികള്‍ക്കുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നിയമസഭ പാസാക്കിയ ബജറ്റിനെ ക്രിമിനല്‍ നടപടിയായി വിളിക്കാനാവില്ലെന്നും മുന്‍ മുഖ്യമന്ത്രി വാദിച്ചു.
അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17എ പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനമാണെന്നും പ്രഥമദൃഷ്ട്യാ യാതൊരു ആരോപണവുമില്ലാത്ത റിമാന്‍ഡ് റിപ്പോര്‍ട്ട് തള്ളണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ നായിഡുവിനെ ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് വിജയവാഡയിലെ എസിബി കോടതിയില്‍ ഹാജരാക്കിയത്. എഫ്‌ഐആറില്‍ 37ാം പ്രതിയായാണ് നായിഡുവിനെ ഹാജരാക്കിയതെങ്കിലും കുറ്റത്തിന്റെ മുഖ്യ ഗൂഢാലോചനക്കാരന്‍ നായിഡുവാണെന്ന് സിഐഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചു.
അന്വേഷണത്തിനിടെ ഇതുവരെ 141 സാക്ഷികളെ വിസ്തരിക്കുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചും സാക്ഷികളെ വിസ്തരിച്ചും നടത്തിയ അന്വേഷണത്തില്‍ ചന്ദ്രബാബു നായിഡു മറ്റ് പ്രതികളുമായി ഒത്തുകളിച്ച് വിവിധ ഘട്ടങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച് ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സിഐഡി പറഞ്ഞു.
നായിഡുവിന്റെ മകന്‍ നാരാ ലോകേഷും ടിഡിപി നേതാക്കളും കോടതിയില്‍ എത്തിയിരുന്നു. നൈപുണ്യ വികസന കോര്‍പ്പറേഷന്റെ കോടികളുടെ അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ശനിയാഴ്ച നന്ദ്യാലയില്‍ വെച്ച് പുലര്‍ച്ചെയാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥര്‍ അദ്ദേഹം ഉറങ്ങിക്കിടന്ന കാരവന്റെ വാതിലില്‍ തട്ടി ഉണര്‍ത്തിയാണ് കൊണ്ടുപോയത്.
ശനിയാഴ്ച രാവിലെ ആറ് മണിയോടെ നന്ദ്യാലയിലെ ജ്ഞാനപുരത്തെ ഒരു കല്യാണമണ്ഡപത്തിന്റെ പുറത്ത് അദ്ദേഹത്തിന്റെ കാരവന്‍ പാര്‍ക്ക് ചെയ്തിരിക്കയായിരുന്നു.